യു.പി. മദ്റസാ വിദ്യാഭ്യാസ ബോർഡ് നിയമം സുപ്രീംകോടതി ശരിവെച്ചു.


ന്യൂഡൽഹി : 2004ലെ ഉത്തർപ്രദേശ് മദ്റസാ വിദ്യാഭ്യാസ ബോർഡ് നിയമം സുപ്രീംകോടതി ശരിവെച്ചു. നിയമം റദ്ദാക്കിയ അലഹബാദ് ഹൈകോടതി വിധി പരമോന്നത കോടതി റദ്ദാക്കി. ഹൈക്കോടതി വിധിക്കെതിരെ വിവിധ മദ്റസാ മാനേജർമാരുടെയും അധ്യാപകരുടെയും സംഘടനകളും മറ്റും നൽകിയ അപ്പീലിലാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധി പറഞ്ഞത്.
ഹൈകോടതി വിധി നടപ്പാക്കുന്നത് ഏപ്രിൽ അഞ്ചിന് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു.
നിയമനിർമാണത്തിൽ മതപരമായ കാര്യങ്ങൾ ഉണ്ടായാൽ അത് ഭരണഘടന വിരുദ്ധമാകില്ലെന്ന് കോടതി വ്യക്തമാക്കി.
മദ്റസകളുടെ പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കാൻ ബോർഡുകളെ ശക്തിപ്പെടുത്താനാണ് 2004ൽ ഉത്തർപ്രദേശ് മദ്റസാ വിദ്യാഭ്യാസ ബോർഡ് നിയമംകൊണ്ടുവന്നത്.
അറബി, ഉറുദു, പേർഷ്യൻ, ഇസ്‌ലാമികപഠനം, തത്ത്വശാസ്ത്രം, ബോർഡ് പറയുന്ന മറ്റുവിഷയങ്ങൾ എന്നിവയെ മദ്റസാ വിദ്യാഭ്യാസത്തിൽ ഉൾപ്പെടുത്തുകയും ചെയ്തു. എന്നാൽ, നിയമം ഭരണഘടനാവിരുദ്ധമെന്ന് പറഞ്ഞാണ് ഹൈക്കോടതി റദ്ദാക്കിയത്.