ക്യാമ്പസുകളിൽ റാഗിംഗ് പ്രവണത അപകടകരമായ രീതിയിൽ വർദ്ധിച്ചു; പരപ്പനങ്ങാടി അതിവേഗ കോടതി ജഡ്ജജ് എ. ഫാത്തിമ ബീവി


പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് കോളേജിൽ ഇൻസ്പേരിയ 2k23 ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ
പരപ്പനങ്ങാടി : പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് കോളേജ് സംഘടിപ്പിച്ച ഫ്രഷേഴ്സ് ഓറിയന്റേഷൻ പ്രോഗ്രാം- ഇൻസ്പേരിയ 2k23 തിരൂരങ്ങാടി താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റി അധ്യക്ഷയും പരപ്പനങ്ങാടി അതിവേഗ കോടതി ജഡ്ജിയുമായ എ. ഫാത്തിമ ബീവി ഉദ്ഘാടനം ചെയ്തു.
പൗരന്മാർ ഉയർന്ന വിദ്യാഭ്യാസം നേടേണ്ടത് വ്യക്തിപരമായ ആവശ്യം എന്നതിലുപരി രാജ്യപുരോഗതിക്ക് കൂടി അത്യാവശ്യമാണെന്നും വിദ്യ നേടുകയെന്നത് തൊഴിലും ഉന്നത പദവികളും നേടുന്നതിനുള്ള മാർഗം മാത്രമല്ലെന്നും സാമൂഹ്യ പ്രതിബദ്ധതയുള്ള തലമുറയെ വാർത്തെടുക്കുന്നതാവണമെന്നും അവർ പറഞ്ഞു. ക്യാമ്പസുകളിൽ റാഗിംഗ് പ്രവണത അപകടകരമായ രീതിയിൽ വർദ്ധിച്ചിട്ടുണ്ട്.
ആന്റി റാഗിംഗ് നിയമങ്ങൾ കർശനമാക്കേണ്ടി വരുന്നത് അതിനാലാണ്. ഓരോ കുട്ടിക്കും തന്റെ സഹപാഠികളെ തന്നെപ്പോലെ കാണാൻ സാധിക്കുന്ന തരത്തിലുള്ള അറിവ് നൽകാനും വിദ്യാഭ്യാസത്തിലൂടെ സാധ്യമാവണമെന്നും ഫാത്തിമ ബീവി പറഞ്ഞു.
ചടങ്ങിൽ കോളേജ് പ്രസിഡണ്ട് അഡ്വ. കെ.കെ സൈതലവി അധ്യക്ഷത വഹിച്ചു. പോണ്ടിച്ചേരി യൂണിവേഴ്സിറ്റി മാഹി സെന്റർ ഹെഡ് ഡോ. എം.പി രാജൻ, ഫാറൂഖ് കോളേജ് മുൻ പ്രിൻസിപ്പാൾ ഡോ. കെ.എം നസീർ, കോളേജ് പ്രിൻസിപ്പാൾ ടി. സുരേന്ദ്രൻ, അഡ്വ. സി.കെ സിദ്ദീഖ്, കെ. അമൃതവല്ലി എന്നിവർ പ്രസംഗിച്ചു.
യു.ജി,പി. ജി കോഴ്സുകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരം ചടങ്ങിൽ വെച്ച് ജഡ്ജ് സമ്മാനിച്ചു.
കോളേജ് സെക്രട്ടറി സി. അബ്ദുറഹ്മാൻകുട്ടി സ്വാഗതവും ലൈസൺ ഓഫീസർ കെ.ജ്യോതിഷ് നന്ദിയും പറഞ്ഞു