NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

താന്‍ എവിടേക്കും ഒളിച്ചോടിയിട്ടില്ല; ഇത് സിനിമാ മേഖലയെ തകര്‍ക്കുന്ന വിവാദം: മോഹന്‍ലാല്‍

താന്‍ എവിടേക്കും ഒളിച്ചോടിയിട്ടില്ലെന്ന് നടന്‍ മോഹന്‍ലാല്‍. കേരള ക്രിക്കറ്റ് ലീഗ് ലോഞ്ചിന് ശേഷമാണ് മോഹന്‍ലാല്‍ പ്രതികരിച്ചത്. സിനിമ എന്നു പറയുന്നതു സമൂഹത്തിന്റെ ഭാഗമാണ്. എല്ലാ മേഖലയിലും ഇത്തരം കാര്യങ്ങള്‍ സംഭവിക്കാറുണ്ട്.

എന്നുവച്ച് അതിനെയെല്ലാം ഞാന്‍ പ്രോത്സാഹിപ്പിക്കുന്നില്ല. ഞാന്‍ 2 തവണ ഹേമ കമ്മിറ്റിക്ക് മുന്നില്‍ ഹാജരായിരുന്നു. എന്റെ വ്യക്തിപരമായ കാരണങ്ങളാല്‍ ഗുജറാത്തിലും ബോംബെയിലും മദ്രാസിലുമായിരുന്നു.

ഭാര്യയുടെ ശസ്ത്രക്രിയയും ബറോസിന്റെ പ്രവര്‍ത്തനങ്ങളുമായി തിരക്കിലായിരുന്നു. സിനിമകളുടെ റിലീസ് മാറ്റിവച്ചു. ഈ സമയത്ത് അത് റിലീസ് ചെയ്യാനാവില്ല. സിനിമ സമൂഹത്തിന്റെ ഭാഗമാണ്. മറ്റെല്ലായിടത്തും സംഭവിക്കുന്ന കാര്യങ്ങള്‍ ഇവിടെയും സംഭവിക്കുന്നു. അമ്മ ട്രേഡ് യൂണിയനല്ല.

 

അത് അംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി തുടങ്ങിയ സംഘടനയാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് മറുപടി പറയേണ്ടത് സിനിമാ രംഗം ആകെയാണ്. എന്തിനും ഏതിനും കുറ്റപ്പെടുത്തുന്നത് അമ്മയെയാണ്. ഏറ്റവും കൂടുതല്‍ ശരങ്ങള്‍ വരുന്നതും തനിക്കും അമ്മയ്ക്കും നേരെയാണ്. ഈ സാഹചര്യത്തില്‍ അഭിഭാഷകരോട് അടക്കം സംസാരിച്ചാണ് അമ്മയുടെ ചുമതലകളില്‍ നിന്ന് രാജിവെച്ചത് എന്നാണ് മോഹന്‍ലാല്‍ പറയുന്നത്.

 

മോഹന്‍ലാലിന്റെ വാക്കുകള്‍:

ഞാന്‍ എവിടെയും ഒളിച്ചോടിപ്പോയിട്ടില്ല. എന്റെ വ്യക്തിപരമായ കാരണങ്ങളാല്‍ ഗുജറാത്തിലും ബോംബെയിലും മദ്രാസിലുമായിരുന്നു. ഭാര്യയുടെ സര്‍ജറിയുമായി ആശുപത്രിയിലായിരുന്നു. വല്ലാത്ത ചോദ്യങ്ങള്‍ ചോദിച്ച് ബുദ്ധിമുട്ടിക്കരുത്. ആധികാരികമായി പറയാന്‍ അറിയുന്ന ആളല്ല. എന്തിനും ഏതിനും അമ്മയെ കുറ്റപ്പെടുത്തുന്നതായി കാണുന്നു. എല്ലാത്തിനും അമ്മയല്ല ഉത്തരം നല്‍കേണ്ടത്. അഭിഭാഷകരും സിനിമയിലെ തലമുതിര്‍ന്ന ആളുകളുമായി സംസാരിച്ചതിന് ശേഷമാണ് പ്രസിഡന്റ് പദവിയില്‍ നിന്ന് പിന്മാറിയത്.

വളരെ ബുദ്ധിമുട്ടി ഉണ്ടാക്കിയെടുത്ത ഇന്‍ഡസ്ട്രിയാണ്. ദയവ് ചെയ്ത് എല്ലാ തെറ്റും ഞങ്ങളുടെത് മാത്രമായി കണക്കാക്കരുത്. ആയിരക്കണക്കിന് ജോലിക്കാരുള്ള വലിയ ഇന്‍ഡസ്ട്രിയാണ് മലയാള സിനിമ അത് നിശ്ചലമായി പോകും. കൂട്ടായെടുത്ത തീരുമാന പ്രകാരമാണ് അമ്മ ഭരണസമിതി രാജിവച്ചത്. ആര്‍ക്ക് വേണമെങ്കിലും അമ്മയുടെ നേതൃത്വത്തിലേക്ക് വരാം. മലയാള സിനിമയെ നമുക്ക് രക്ഷിക്കണം.

 

പലര്‍ക്കും അറിഞ്ഞുകൂടാത്ത ഒരുപാട് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ ചെയ്യുന്നുണ്ട്. തെറ്റുകുറ്റങ്ങള്‍ ഉണ്ടായേക്കാം. ഒരു സംഘടന മാത്രം ക്രൂശിക്കപ്പെടുന്നത് ശരിയല്ല. കേരളത്തില്‍ നിന്നുള്ള ഒരു വലിയ മൂവ്‌മെന്റ് ആയി ഇത് മാറണം. സിനിമയില്‍ മാത്രമല്ല, എല്ലാ മേഖലയിലും ഇതുപോലുള്ള കമ്മിറ്റികള്‍ ഉണ്ടാകണം എന്നാണ് ആഗ്രഹം. കുറ്റം ചെയ്തിട്ടുള്ള ആളുകള്‍ ശിക്ഷിക്കപ്പെടണമെന്നാണ് എന്റെ ആഗ്രഹം. ദയവുചെയ്ത് എല്ലാവരും കൂടി സഹകരിച്ച് മലയാള സിനിമ മേഖല തകരാതിരിക്കാന്‍ ശ്രമിക്കണം.

വളരെയധികം സങ്കടമുണ്ട്. 47 വര്‍ഷം സിനിമയുമായി സഹകരിച്ച വ്യക്തിയെന്ന നിലയിലുള്ള അഭ്യര്‍ഥനയാണിത്. ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് എന്റെ കയ്യില്‍ ഉത്തരങ്ങളില്ല. നിങ്ങളുടെ കയ്യിലാണ് ഇക്കാര്യം നില്‍ക്കുന്നത്. കോടതിയില്‍ ഇരിക്കുന്ന കാര്യമാണ്. അത്തരം കാര്യങ്ങള്‍ സംഭവിച്ചു പോയി. ഇനി അങ്ങനെ ഉണ്ടാകാതിരിക്കാനുള്ള കാര്യമാണു ചെയ്യേണ്ടത്. പൊലീസും കോടതിയും സര്‍ക്കാരുമാണ് നടപടികള്‍ സ്വീകരിക്കുന്നത്. മാധ്യമങ്ങളും കൂടി ചേര്‍ന്ന് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കണം.

 

ഒറ്റദിവസം കൊണ്ട് ഞങ്ങള്‍ എങ്ങനെ നിങ്ങള്‍ക്ക് അന്യന്മാരായി? സിനിമാമേഖലയിലെ ശുദ്ധീകരണത്തിന് അമ്മയും സഹകരിക്കും. ശുദ്ധീകരണത്തിന്, നല്ല കാര്യത്തിനായുള്ള നീക്കങ്ങളില്‍ സഹകരിക്കുമോ എന്ന ചോദ്യത്തിന് സഹകരിക്കും എന്നു തന്നെയാണ് ഉത്തരം. അമ്മ മാത്രമല്ല നിരവധി സംഘടനകള്‍ ഉണ്ട്, അവരെല്ലാവരുമായി മാധ്യമങ്ങള്‍ സംസാരിക്കണം. അവരുടെ അഭിപ്രായങ്ങളും ശേഖരിക്കണം. പരിചയമില്ലാത്ത ഒരുപാട് കാര്യങ്ങള്‍ കേട്ടു. അമ്മ ഇതിനെല്ലാം പ്രതികരിക്കണം എന്നുപറഞ്ഞാല്‍ എങ്ങനെ സാധിക്കും. ഞാന്‍ പവര്‍ ഗ്രൂപ്പില്‍പ്പെട്ട ആളല്ല. ഇത് ആദ്യമായാണ് കേള്‍ക്കുന്നത്.

 

കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് നിങ്ങള്‍ക്കറിയുന്ന അറിവ് തന്നെയാണ് എനിക്കുള്ളത്. അമ്മയുടെ പ്രസിഡന്റ് എന്ന നിലയില്‍ അല്ല സംസാരിക്കുന്നത്. സിനിമാപ്രവര്‍ത്തകന്‍ എന്ന നിലയിലാണ്. വ്യവസായം തകര്‍ന്നുപോകരുത് എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു. നിങ്ങളും എന്നോടൊപ്പം സഹകരിക്കണം.

 

Leave a Reply

Your email address will not be published.