എക്സൈസ് ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ്: രണ്ടുപേർ പരപ്പനങ്ങാടി എക്സൈസിന്റെ പിടിയിൽ.


പരപ്പനങ്ങാടി : എക്സൈസ് ഉദ്യോഗസ്ഥർ ചമഞ്ഞ് തട്ടിപ്പ് നടത്തുന്ന രണ്ടുപേർ എക്സൈസിന്റെ പിടിയിലായി.
കോഴിക്കോട് സ്വദേശികളായ വലിയകത്ത് മഖ്ബൂൽ (55),െ വെള്ളയിൽ ലജീദ് (49) എന്നിവരാണ് പിടിയിലായത്.
എക്സൈസ് ഉദ്യോഗസ്ഥർ എന്ന വ്യാജേന ബീവറേജ് ഷോപ്പിൽ നിന്നും മദ്യം വാങ്ങി വരുന്നവരെ ഭീഷണിപ്പെടുത്തി മദ്യവും പണവും തട്ടിയെടുത്ത് മദ്യം മറിച്ചു വിൽക്കുകയാണ് ഇവരുടെ രീതി.
കൊടക്കാട് ദേശത്ത് മണ്ണട്ടാംപാറ ഭാഗത്ത് വെച്ച് ഇത്തരത്തിൽ തട്ടിയെടുത്ത മദ്യം വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പരപ്പനങ്ങാടി എക്സൈസ് ഇൻസ്പെക്ടറും പാർട്ടിയും ചേർന്ന് ഇവരെ അറസ്റ്റ് ചെയ്തത്.
ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിൻതുടർന്നാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്ന് ഒമ്പത് ലിറ്റർ മദ്യവും ഇവർ ഉപയോഗിച്ച പൾസർ ബൈക്കും കസ്റ്റഡിയിലെടുത്തു.
ഏതാനും മാസങ്ങളായി ഇവർ രാമനാട്ടുകര, കൂട്ടുമൂച്ചി, കോട്ടക്കടവ് എന്നീ ബീവറേജ് ഔട്ട്ലെറ്റുകൾ കേന്ദ്രീകരിച്ച് എക്സൈസ് ഉദ്യോഗസ്ഥർ ചമഞ്ഞ് പലരിൽ നിന്നും മദ്യവും പണവും തട്ടിയെടുക്കുന്നതായി പരാതി ലഭിച്ചതിനെ തുടർന്ന് ഒരു മാസത്തോളമായി ഇവരെപ്പറ്റി രഹസ്യാന്വേഷണം നടത്തി വരുകയായിരുന്നു. ഇതിനിടെയാണ് ഇവർ പിടിയിലായത്. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.