വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം: ധനസഹായം പ്രഖ്യാപിച്ചു, മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ആറുലക്ഷം രൂപ; അംഗവൈകല്യം സംഭവിച്ചവര്‍ക്ക് 75,000


വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് ആറുലക്ഷം രൂപവീതം സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അംഗവൈകല്യം സംഭവിച്ചവര്‍ക്ക് 75,000 രൂപയും കുറഞ്ഞ അംഗവൈകല്യത്തിന് 50,000 രൂപയും നല്‍കും.
വാടക വീടുകളിലേക്ക് മാറിത്താമസിക്കേണ്ടി വരുന്നവര്‍ക്ക് ദുരിതാശ്വാസ നിധിയില്‍ നിന്നും ഒരു കുടുംബത്തിന് പ്രതിമാസം 6000 രൂപ വരെ നല്‍കും. ബന്ധുവീടുകളിലേക്ക് മാറുന്ന കുടുംബങ്ങള്‍ക്കും ഇത് ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നാണ് തുക ലഭ്യമാക്കുക. സര്‍ക്കാര്‍ ഉടമസ്ഥതയിലോ പൊതു ഉടമസ്ഥതയിലോ സ്വകാര്യ വ്യക്തികള്‍ സൗജന്യമായോ വിട്ടുനല്‍കുന്ന ഇടങ്ങളിലേക്ക് മാറുന്നവര്‍ക്കും മുഴുവനായി സ്‌പോണ്‍സര്‍ഷിപ്പ് വഴി താമസസൗകര്യം ഒരുക്കുന്ന കെട്ടിടങ്ങളിലേക്ക് മാറുന്നവര്‍ക്കും ഈ സഹായം ഉണ്ടാകില്ല. ഭാഗികമായി സ്‌പോണ്‍സര്‍ഷിപ്പ് നല്‍കുന്ന സംഭവങ്ങളില്‍ ശേഷിക്കുന്ന തുക (പരമാവധി 6000 വരെ) മാസവാടകയായി നല്‍കും.
ദുരിത ബാധിതരായ എല്ലാ കുടുംബങ്ങള്‍ക്കും അടിയന്തര ധനസഹായമായി 10000 രൂപ അനുവദിക്കാന്‍ നേരത്തെ ഉത്തരവായിരുന്നു. ജീവനോപാധി നഷ്ടപ്പെട്ട കുടുംബത്തിലെ പ്രായപൂര്‍ത്തിയായ രണ്ടു പേര്‍ക്ക് ദിവസം 300 രൂപ വീതവും കിടപ്പുരോഗികളോ ആശുപത്രിയില്‍ ദീര്‍ഘനാള്‍ ചികിത്സയില്‍ കഴിയുന്ന രോഗികളോ ഉള്ള കുടുംബങ്ങളില്‍ മൂന്നു പേര്‍ക്കും ദിവസം 300 രൂപ വീതം 30 ദിവസത്തേക്ക് നല്‍കാനും തീരുമാനിച്ചിരുന്നു.