NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മലിനജല പ്രശ്‌നം: പള്ളിപ്പടി കരുണ ആശുപത്രിയിലേക്ക്‌ ബഹുജന പ്രതിഷേധമാർച്ച്‌ നടത്തി

 

തിരൂരങ്ങാടി: പാലത്തിങ്ങല്‍ പള്ളിപ്പടി കരുണ ആശുപത്രിയില്‍നിന്നുള്ള മലിനജലം പരിസരങ്ങളില്‍ വ്യാപിക്കുന്നത്‌ തടയണമെന്നും നിരന്തരം നിയമലംഘനം നടത്തുന്ന ആശുപത്രിക്കെതിരേ നടപടിയാവശ്യപ്പെട്ടും പള്ളിപ്പടി ജനകീയസമിതി ബഹുജന പ്രതിഷേധമാർച്ച്‌ നടത്തി.

പാലിയേറ്റീവ്‌ കേന്ദ്രമായി വർഷങ്ങള്‍ക്ക്‌ മുന്‍പ്‌ പ്രവർത്തനം തുടങ്ങിയ കരുണ ആശുപത്രി ഡയാലിസിസ്‌ കേന്ദ്രമായും പിന്നീട് മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയായി ഉയർത്തിയത്‌ മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണെന്ന്‌ പ്രതിഷേധക്കാർ ആരോപിച്ചു.

 

ആശുപത്രി പരിസരത്തുള്ള വീടുകളിലെ കിണറുകളില്‍  ആശുപത്രിയിൽ നിന്നുള്ള മലിനജലം എത്തുന്നതിനാല്‍ ഒന്നര വർഷത്തോളമായി കുടിവെള്ളം ഉപയോഗിക്കാനാകുന്നില്ല. പരിഹാരമാവശ്യപ്പെട്ട്‌ ആശുപത്രി അധികൃതരെയും നഗരസഭാ അധികൃതരെയും സമീപിച്ചിരുന്നെങ്കിലും നടപടികളൊന്നും ഉണ്ടായില്ലെന്ന് ജനകീയ സമിതി ഭാരവാഹികൾ പറഞ്ഞു.

ഇതോടെയാണ്‌ പള്ളിപ്പടിയിലെ നാട്ടുകാർ ജനകീയസമിതി രുപീകരിച്ച്‌ സമരവുമായി രംഗത്തെത്തിയത്.

ആശുപത്രിയിലെ മാലിന്യ ടാങ്ക്‌ നിറഞ്ഞ്‌ പുറത്തേക്ക്‌ ഒഴുക്കിവിടുന്നുണ്ടെന്നും പ്ലാസ്‌റ്റിക്ക്‌ അടക്കമുള്ള ആശുപത്രി മാലിന്യങ്ങള്‍ കത്തിക്കുന്നതിനാല്‍ പരിസരവാസികള്‍ക്ക്‌ ഗുരുതരമായ ആരോഗ്യ ഭീഷണി നേരിടുകയാണെന്നും പ്രതിഷേധക്കാർ പറഞ്ഞു.

വെള്ളിയാഴ്‌ച രാവിലെ പത്തിന്‌ ആരംഭിച്ച ബഹുജനമാർച്ചില്‍ സ്‌ത്രീകളടക്കം നൂറുക്കണക്കിനാളുകള്‍ പങ്കെടുത്തു.

പ്രതിഷേധക്കാരെ ആശുപത്രി ഗേറ്റിന്‌ മുന്നില്‍ പോലീസ്‌ തടഞ്ഞു. തുടർന്ന്‌ നടന്ന പ്രതിഷേധസംഗമം ജനകീയ മുന്നണി മുഖ്യരക്ഷാധികാരി മൂഴിക്കല്‍ കരീം ഹാജി ഉദ്‌ഘാടനം ചെയ്‌തു.

ജനകീയ മുന്നണി ചെയർമാന്‍ പി.കെ. ഹംസ അധ്യക്ഷത വഹിച്ചു.

നഗരസഭാ കൗണ്‍സിലർമാരായ
ഉഷ തയ്യില്‍, സമീന മൂഴിക്കല്‍, ജനകീയ മൂന്നണി കണ്‍വീനർ ഡോ. മുഹമ്മദ്‌ റഫീഖ്‌, റഫീഖ്‌ മച്ചിങ്ങല്‍, നൗഫല്‍ ഫാറൂഖ്‌ മാസ്‌റ്റർ, എം.പി. സ്വാലിഹ്‌ തങ്ങള്‍, മൂഴിക്കല്‍ സമദ്‌ മാസ്‌റ്റർ, കടവത്ത്‌ സൈതലവി, ഷനീബ്‌ മൂഴിക്കല്‍ തുടങ്ങിയവർ പ്രസംഗിച്ചു.

ആശുപത്രിക്കെതിരേ നടപടിയാവശ്യപ്പെട്ട്‌ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ജില്ലാ കലക്‌ടർ, ജില്ലാ മെഡിക്കല്‍ ഓഫീസർ, പൊലൂഷന്‍ കണ്‍ട്രോള്‍ ബോർഡ്‌, എന്നിവർക്കും ജനകീയസമിതി പരാതികൾ നൽകുമെന്നും ഭാരവാഹികൾ അറിയിച്ചു.

 

Leave a Reply

Your email address will not be published.