പരപ്പനങ്ങാടിയിലും ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം; ഉഗ്രശബ്ദം കേട്ടെന്ന് നാട്ടുകാർ.


പരപ്പനങ്ങാടി : വയനാടിന് പുറമെ പരപ്പനങ്ങാടിയിലും ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം.
ചെട്ടിപ്പടി, കീഴ്ച്ചിറ പച്ചേരിപ്പാടം ഭാഗങ്ങളിലാണ് പ്രകമ്പനമുണ്ടായത്.
വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെ ഉഗ്രശബ്ദത്തോടെ പ്രകമ്പനമുണ്ടായെന്നാണ് പ്രദേശവാസികൾ പറയുന്നത്.
രാവിലെ വീട്ടിൽ നിന്ന് പുറത്തിറങ്ങാനിരിക്കെ ഉഗ്രശബ്ദമുണ്ടായതായും ജനൽചില്ലുകൾ കുലുങ്ങിയതായും പാറക്കൽ ഉദയൻ പറഞ്ഞു.
കോഴിക്കോട് കുടരഞ്ഞിയിലും, എടപ്പാളിലും, കരിപ്പൂരിലും പരിസരപ്രദേശത്തും സമാന സംഭവമുണ്ടായിട്ടുണ്ട്.
കരിപ്പൂരിൽ മാതാംകുളത്തും എടപ്പാളിൽ ശബ്ദം വട്ടംകുളം, ചന്തക്കുന്ന് ഭാഗങ്ങളിലും ആണ് അസാധാരണ മുഴക്കം അനുഭവപ്പെട്ടത്.
എന്നാല്‍ ഭൂചലനം ആണോ എന്ന കാര്യത്തില്‍ സ്ഥിരീകരണം ആയിട്ടില്ല.
വയനാട്ടില്‍ ചില പ്രദേശങ്ങളില്‍ ഭൂമിക്കടിയില്‍ നിന്ന് വലിയ മുഴക്കവും നേരിയ കുലുക്കവും അനുഭവപ്പെട്ടു എന്ന വാര്‍ത്തയ്‌ക്ക് പിന്നാലെയാണ് ഈ സംഭവം.
വയനാട്ടില്‍ ഭൂചലനം ഉണ്ടായതായി കണ്ടെത്തിയിട്ടില്ലെന്ന് ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. ഭൂകമ്പമാപിനിയില്‍ ചലനം രേഖപ്പെടുത്തിയിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.
കെ.എസ്.ഇ.ബിയുടെ ഭൂകമ്പ മാപിനിയിലും ഭൂചലനം രേഖപ്പെടുത്തിയിട്ടില്ല.