NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മഴക്കെടുതിയിൽ 6 മരണം; സംസ്ഥാനത്ത് വ്യാപക നാശനഷ്ടങ്ങൾ, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ശക്തമായി പെയ്യുന്ന മഴയിൽ സംസ്ഥാനത്ത് ഇന്ന് മരണം 6 ആയി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ ശക്തമായി തുടരുകയാണ്. പലയിടത്തും മരം കടപുഴകിവീണ് ഗതാഗതം തടസപ്പെട്ടു. നിരവധി വീടുകൾ പൂർണമായും ഭാഗികമായും തകർന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.

കണ്ണൂരിൽ പെയിന്‍റിങ് തൊഴിലാളിയായ ചന്ദ്രശേഖരൻ (63) വെള്ളക്കെട്ടിൽ വീണു മരിച്ചു. ചൊക്ലി ഒളവിലത്ത് റോഡരികിലെ വെളളക്കെട്ടിലാണ് ചന്ദ്രശേഖരന്‍റെ മൃതദേഹം രാവിലെ കണ്ടെത്തിയത്. രാത്രി വീട്ടിലേക്ക് നടന്ന് പോകുമ്പോൾ വെള്ളക്കെട്ടിൽ വീണതാണെന്നാണ് കരുതുന്നത്. അതേസമയം നേരത്തെ കണ്ണൂരില്‍ വെള്ളക്കെട്ടിൽ വീണ് സ്ത്രീ മരിച്ചിരുന്നു. മട്ടന്നൂർ കോളാരിയിൽ കുഞ്ഞാമിനയാണ് മരിച്ചത്

 

അതിനിടെ പാലക്കാട് കോട്ടേക്കാട് പെയ്ത കനത്ത മഴയില്‍ വീട് ഇടിഞ്ഞുവീണ് അമ്മയും മകനും മരിച്ചു. വീട്ടിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്നവരാണ് മരിച്ചത്. കോട്ടേക്കാട് കോടക്കുന്ന് വീട്ടിൽ പരേതനായ ശിവന്റെ ഭാര്യ സുലോചന, മകൻ രഞ്ജിത് എന്നിവരാണ് മരിച്ചത്.

 

അതിനിടെ തിരുവല്ലയിൽ പൊട്ടിവീണ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റ് ഒരാൾ മരിച്ചു. മേപ്രാൽ തട്ടുതറയിൽ വീട്ടിൽ റെജി ആണ് മരിച്ചത്. അതിനിടെ വയനാട് പുൽപ്പള്ളിയിൽ പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. ചീയമ്പം 73 കോളനിയിലെ സുധൻ ആണ് മരിച്ചത്.

 

അതേസമയം സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തിൽ കാലാവസ്ഥ വകുപ്പ് മഴ മുന്നറിയിപ്പില്‍ മാറ്റം വരുത്തിയിട്ടുണ്ട്. നിലവിൽ കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കോട്ടയം, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published.