തിരൂരിൽ റിമോർട്ടിൽ പ്രവർത്തിക്കുന്ന ഗേറ്റിനുള്ളിൽ കുടുങ്ങി നാലാം ക്ലാസ് വിദ്യാർഥി മരിച്ചു.


തിരൂർ: പള്ളിയിലേക്കുപോകാൻ റിമോട്ട് കൺട്രോൾ ഗേറ്റ് തുറന്ന് അടയ്ക്കുന്നതിനിടയിൽ ഗേറ്റിനുള്ളിൽ കുടുങ്ങി നാലാംക്ലാസ് വിദ്യാർഥി മരിച്ചു.
പേരക്കുട്ടിയുടെ മരണവിവരമറിഞ്ഞ് ആശുപത്രിയിലേക്കു പോകവേ വല്യുമ്മ ആസിയ (55) ഹൃദയാഘാതത്തെ ത്തുടർന്നും മരിച്ചു.
തിരൂർ ആലിൻചുവട് എം.ഇ.ടി. സെൻട്രൽ സ്‌കൂൾ വിദ്യാർഥിയും വൈലത്തൂർ ചിലവിൽ സ്വദേശി ചങ്ങനക്കാട്ടിൽ കുന്നശ്ശേരി അബ്ദുൾഗഫൂറിന്റെ മകനുമായ മുഹമ്മദ് സിനാൻ (9) ആണ് മരിച്ചത്. അബ്ദുൾഗഫൂറിന്റെ മാതാവാണ് മരിച്ച ആസിയ.
വ്യാഴാഴ്ച വൈകീട്ട് നാലോടെയാണു സംഭവം. മുഹമ്മദ് സിനാൻ അയൽപക്കത്തെ വീടിന്റെ ഗേറ്റ് തുറന്ന് ആ വീട്ടുപറമ്പിലൂടെയാണ് പള്ളിയിലേക്കു പോകാറുള്ളത്. ഗേറ്റ് തുറന്നപ്പോൾ അതിനുള്ളിൽ കുടുങ്ങിയനിലയിൽ നാട്ടുകാർ മുഹമ്മദ് സിനാനെ കണ്ടു.
ഉടൻ സ്വകാര്യ ക്ലിനിക്കിലും തുടർന്ന് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗേറ്റിന് സാങ്കേതിക തകരാർ സംഭവിച്ചതായി സംശയിക്കുന്നു. വെള്ളിയാഴ്ച മഞ്ചേരി മെഡിക്കൽകോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ചിലവിൽ ജുമാമസ്ജിദ് ഖബറിസ്താനിൽ കബറടക്കും.മാതാവ്: സജിലസഹോദരി: അസ്‌മ ഐവ.
വൈലത്തൂർ ചിലവിൽ മഹല്ല് മുൻ പ്രസിഡന്റ് സി.കെ കുഞ്ഞലവി ഹാജിയുടെ ഭാര്യയാണ് ആസിയ. ആശുപത്രിയിലേക്കു പോകവേ പൊൻമുണ്ടത്തുവെച്ചാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. മൃതദേഹം കോട്ടയ്ക്കൽ മിംസ് ആശുപത്രിയിലാണ്. വെള്ളിയാഴ്ച കബറടക്കും. റഷീദ്, മൊയ്തീൻകുട്ടി എന്നിവരാണ് ആസിയയുടെ മറ്റുമക്കൾ.