NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വള്ളിക്കുന്നിലെ മഞ്ഞപ്പിത്ത വ്യാപനം : ചികിത്സ തേടിയത് 176 പേർ, മെഡിക്കൽ സംഘം വിവരങ്ങൾ ശേഖരിച്ചു.

വള്ളിക്കുന്ന് : ഗ്രാമപഞ്ചായത്തിലെ കൊടക്കാട് മഞ്ഞപ്പിത്തം ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത് 176 പേർ. മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യവകുപ്പും പഞ്ചായത്ത് ഭരണസമിതിയും പ്രതിരോധപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി.
കഴിഞ്ഞ മാസം പതിമൂന്നിന് കൂട്ടുമൂച്ചി ചേളാരി റോഡിൽ സ്മാർട്ട് ഓഡിറ്റോറിയത്തിൽ വിവാഹത്തിൽ പങ്കെടുത്തവർക്കാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരിക്കുന്നത്. പരപ്പനങ്ങാടി, തിരൂരങ്ങാടി, കോഴിക്കോട്, കോട്ടക്കടവ് ഉൾപ്പെടെ വിവിധ ആശുപത്രികളിൽ നിരവധിപേരാണ് ചികിത്സയിലുള്ളത്.
പനിയും ഛർദിയുമായി ചികിത്സതേടി എത്തിപ്പോഴാണ് മഞ്ഞപ്പിത്തമാണെന്ന് കണ്ടെത്തിയത്. ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഈ വിവാഹത്തിൽ പങ്കെടുത്തവർ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
രോഗലക്ഷണങ്ങളുമായി കൂടുതലായും ചികിത്സക്കെത്തിയ നെടുവ ആരോഗ്യകേന്ദ്രത്തിൽ രക്ത പരിശോധനക്കുള്ള  ലാബ് മെഷീനറികൾ ഉണ്ടെങ്കിലും പരിശോധനക്കുള്ള മറ്റു സൗകര്യങ്ങൾ നിലവിലില്ല.
പരിശോധനക്കുള്ള ടേബിൾ, വയറിങ്, പ്ലംബിങ് പ്രവർത്തികൾ പൂർത്തീകരിക്കാനുണ്ട്. അതിനുള്ള സൗകര്യങ്ങൾ നഗരസഭാ ഒരുക്കി നൽകിയിട്ടില്ല. താത്ക്കാലികമായി ടേബിൾ ഉൾപ്പെടെയുള്ളവ താലൂക്ക് ആശുപത്രിയിൽ നിന്നുമെത്തിച്ച് തിങ്കളാഴ്ച മുതൽ പ്രവർത്തിക്കുമെന്ന് നെടുവ ആശുപത്രി സൂപ്രണ്ട് ഡോ:വാസുദേവൻ പറഞ്ഞു.
മെഡിക്കൽ സംഘം വിവരങ്ങൾ ശേഖരിച്ചു.
കൊടക്കാട് മഞ്ഞപ്പിത്ത വ്യാപനവുമായി ബന്ധപ്പെട്ട്  ജില്ലാതല മെഡിക്കൽ സംഘം വള്ളിക്കുന്നിലെ കൊടക്കാടും പരിസരങ്ങളിലും സ്ഥല പരിശോധന നടത്തി. നിലവിലെ സാഹചര്യം കണക്കിലെടുത്ത് പഠനം നടത്തി ആവശ്യമായ സജ്ജീകരണങ്ങൾ നടത്താൻ മെഡിക്കൽ സംഘത്തെ അയക്കണമെന്നാവശ്യപ്പെട്ട് പി.അബ്ദുൽ ഹമീദ് എം.എൽ.എ ആരോഗ്യ മന്ത്രി വീണാ ജോർജ്, ജില്ലാ മെഡിക്കൽ ഓഫീസർ എന്നിവരെ  സമീപിച്ചിരുന്നു.
ഇതനുസരിച്ച്  ഡെപ്യൂട്ടി ഡി എം.ഒ ഡോ.സുബിൻ ചേനയിൽ,എപ്പിഡമോളജിസ്റ്റ് കിരൺ, ജില്ലാ ലാബ് ടെക്നീഷ്യൻ ചുമതലയുള്ള ഫവാദ് എന്നിവരുടെ  നേതൃത്വത്തിലുള്ള സംഘമാണ് വെള്ളിയാഴ്‌ച കൊടക്കാലെത്തിയത്. മഞ്ഞപ്പിത്ത രോഗംമൂലം ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നവരുടേയും വീട്ടിൽ കഴിയുന്ന രോഗികളുടേയും ബന്ധുക്കളിൽ നിന്നും ജനപ്രതിനിധികളിൽ നിന്നും ആരോഗ്യ പ്രവർത്തകരിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു.
പിന്നീട്  നെടുവ ആശുപത്രി സൂപ്രണ്ട് ഡോ:വാസുദേവനുമായും മറ്റു മെഡിക്കൽ ഓഫീസർമാരുമായും ചർച്ച നടത്തിയാണ് സംഘം മടങ്ങിയത്. സംഘത്തോടൊപ്പം ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡൻ്റ് മനോജ് കോട്ടാശേരി, അംഗങ്ങളായ എ.പി. സിഡു, വി. ശശികുമാർ, നിസാർ കുന്നുമ്മൽ സുഹറ കൊടക്കാട്, എന്നിവർ അനുഗമിച്ചു.
തുടർന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ ഷൈലജയുടെ അധ്യക്ഷതയിൽ ഓഫീസിൽ ജില്ലാ മെഡിക്കൽ ടീമിനെയും പഞ്ചായത്ത് ഭരണസമിതിയുടെയും അടിയന്തര യോഗം ചേർന്നു. ശനിയാഴ്ച കൊടക്കാട് എൽ.പി വെച്ച് സ്കൂളിൽ വെച്ച് മെഡിക്കൽ ക്യാമ്പ് നടത്താനും തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!