ബേപ്പൂരില്‍ നിന്ന് മീന്‍ പിടിത്തത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച് 3 പേര്‍ മരിച്ചു; 5 പേരെ രക്ഷപ്പെടുത്തി


മീന്‍ പിടിത്തത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച് മൂന്ന് പേര്‍ മരിച്ചു. അഞ്ച് പേരെ രക്ഷപ്പെടുത്തി. മംഗളുറു തീരത്ത് നിന്ന് 43 നോടികല്‍ മൈല്‍ അകലെ പുറംകടലില്‍ വെച്ചാണ് അപകടം നടന്നത്.
കോഴിക്കോട് ബേപ്പൂരില്‍ നിന്ന് മീന്‍ പിടിത്തത്തിന് പോയവരാണ് അപകടത്തില്‍പെട്ടത്. കോസ്റ്റല്‍ പൊലീസും കോസ്റ്റ് ഗാര്‍ഡും രക്ഷാപ്രവര്‍ത്തനം തുടരുന്നു.
അപകടത്തെ തുടര്‍ന്ന് കോഴിക്കോട് കലക്ടര്‍ മംഗലാപുരം കലക്ടറുമായി ബന്ധപ്പെട്ടു. കാസര്‍കോടു നിന്നുളള കോസ്റ്റ് ഗാര്‍ഡ് സംഘം രക്ഷാ പ്രവര്‍ത്തനത്തിനായി മംഗലാപുരത്തേക്ക് പോയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് പ്രദേശിക മത്സ്യബന്ധന ബോട്ടുകള്‍ ഉപയോഗപ്പെടുത്തുന്നതായി മംഗലാപുരം കലക്ടര്‍ അറിയിച്ചു.
ബേപ്പൂര്‍ സ്വദേശി ജാഫറിന്റെ ഉടമസ്ഥതയിലുള്ള ഐ എഫ് ബി റബ്ബ എന്ന പേരുള്ള ബോടില്‍ ഞായറാഴ്ച ഉച്ചയ്ക്കാണ് ഇവര്‍ മീന്‍ പിടിത്തത്തിന് പുറപ്പെട്ടത്.
ഇതില്‍ ഏഴ് പേര്‍ തമിഴ്‌നാട് സ്വദേശികളും ബാക്കിയുള്ളവര്‍ ബംഗാള്‍, ഒഡീഷ സ്വദേശികളുമാണ്. സിംഗപ്പൂരിലെ ചരക്ക് കപ്പലാണ് ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബോട് പൂര്‍ണമായും തകര്‍ന്നുവെന്നാണ് വിവരം.14 പേരാണ് ബോട്ടിലുണ്ടായിരുന്നത്.