NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പൗരത്വ നിയമത്തിനെതിരെ ഇനി നിയമയുദ്ധം; സുപ്രീംകോടതിയെ സമീപിക്കാന്‍ അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തി സര്‍ക്കാര്‍

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നിലപാടിന് അനുസൃതമായി ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട തുടര്‍ നിയമനടപടി സുപ്രീംകോടതി മുഖേന അടിയന്തരമായി സ്വീകരിക്കാന്‍ അഡ്വക്കേറ്റ് ജനറലിനെ ചുമതലപ്പെടുത്തി.

 

ഭരണഘടനയുടെ അനുച്ഛേദം 131 പ്രകാരം ഒറിജിനല്‍ സ്യൂട്ട് നേരത്തെ തന്നെ സുപ്രീംകോടതി മുമ്പാകെ സംസ്ഥാനം ഫയല്‍ ചെയ്തിട്ടുണ്ട്.
മതം, ജാതി, വംശം എന്നിവയുടെ അടിസ്ഥാനത്തില്‍ ഒരു വിവേചനവും പാടില്ലെന്ന ഭരണഘടനാ വ്യവസ്ഥയ്ക്ക് വിരുദ്ധമാണ് നിയമം.

 

ഈ നിയമത്തെ അടിസ്ഥാനമാക്കിയുള്ള ചട്ടങ്ങള്‍ സ്വാഭാവികമായും ഭരണഘടനാ വിരുദ്ധമാണെന്നും നടപ്പാക്കാന്‍ സംസ്ഥാനത്തിന് ബാധ്യതയില്ലെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്. പൗരത്വ ഭേദഗതി നിയമത്തിന് അനുബന്ധമായി വന്ന പാസ്പോര്‍ട്ട് നിയമം ഉള്‍പ്പെടെ ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. അത് സുപ്രീം കോടതിയുടെ പരിഗണനയില്‍ ഇരിക്കുമ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്.

 

പൗരത്വ നിയമത്തിന്‍ കീഴിലുള്ള ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത സാഹചര്യത്തിലാണ് സുപ്രീംകോടതി മുഖേന തുടര്‍ നിയമ നടപടിക്ക് സംസ്ഥാനം ഒരുങ്ങുന്നത്. കേരളത്തില്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ല എന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

 

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!