11 കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രിമാര്‍ ബിജെപിയില്‍ ചേക്കേറി; ഒരുപതിറ്റാണ്ടിനകം 500 നേതാക്കള്‍ താമരയില്‍ അഭയം തേടി; കണക്കുനിരത്തി മുഖ്യമന്ത്രി


സംസ്ഥാനത്തെ കോണ്‍ഗ്രസില്‍നിന്നും ബിജെപിയിലേക്കുള്ള നേതാക്കളുടെ മാറ്റം രാജ്യത്തുടനീളം കോണ്‍ഗ്രസില്‍ നടക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനകം 11 കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രിമാരാണ് ബിജെപി നേതാക്കളായത്. പിസിസി പ്രസിഡന്റുമാര്‍, മുന്‍ കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ എന്നിങ്ങനെ ഒരുപതിറ്റാണ്ടിനകം 500 പേരാണ് ബിജെപിയില്‍ ചേക്കേറിയത്. അടുത്തതാരെന്ന നിലയിലാണ് കാര്യങ്ങള്‍.
ബിജെപിയിലേക്ക് പോകാന്‍ വിലപേശല്‍ നടത്തിയവരും വില ഉറപ്പിച്ചവരും പറ്റിയ സമയത്ത് മാറാമെന്ന് വാഗ്ദാനം ചെയ്തവരും ഇനിയും കോണ്‍ഗ്രസിലുണ്ട്. കേരളത്തില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും ബിജെപിക്കെതിരെയാണല്ലോ എന്ന ചിന്തയിലായിരുന്നു നിഷ്‌കളങ്കരായ ഒരുവിഭാഗം ജനങ്ങള്‍. അങ്ങനെ വരുമ്പോള്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെങ്കില്‍ കോണ്‍ഗ്രസിന് സീറ്റ് കൂടണമെന്ന് കരുതി വോട്ട് ചെയ്തു.
ഇത് ഇടതുപക്ഷത്തിന് തിരിച്ചടിയായി. എന്നാല്‍, തങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന് ഇങ്ങനെ വോട്ടുചെയ്ത മുഴുവന്‍ ആളുകളും അഞ്ചുവര്‍ഷത്തെ അനുഭവം കൊണ്ട് തിരിച്ചറിഞ്ഞു. എല്ലാ അര്‍ഥത്തിലും ബിജെപിയുമായി സമരസപ്പെട്ടുപോകുന്ന നിലപാടാണ് 18 യുഡിഎഫ് എംപിമാരും സ്വീകരിച്ചതെന്ന് ജനങ്ങള്‍ക്ക് ബോധ്യമായെന്ന് മുഖ്യമന്ത്രി പറഞ്ഞു.