സൈബർ കുറ്റകൃത്യങ്ങൾ തടയാൻ സൈബർ വൊളന്റിയർ സംഘം രൂപീകരിച്ച് പരിശീലനം തുടങ്ങി
താനൂർ ; സൈബർ കുറ്റകൃത്യങ്ങൾ തടയാൻ പോലീസ്, സൈബർ വൊളന്റിയർ സംഘം രൂപീകരിച്ച് പരിശീലനം നൽകി.
താനൂർ സബ് ഡിവിഷന് കീഴിലെ പരപ്പനങ്ങാടി, തിരൂരങ്ങാടി, കൽപകഞ്ചേരി, കാടാമ്പുഴ, താനൂർ തുടങ്ങി ഓരോ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും പത്തിൽ കുറയാത്ത ആളുകളെ കണ്ടെത്തിയാണ് ആദ്യഘട്ട പരിശീലനം നൽകിയത്.
സൈബർ കുറ്റകൃത്യങ്ങളെ കുറിച്ചും അതു തടയാൻ സ്വീകരിക്കേണ്ട മാർഗങ്ങളെകുറിച്ചും പരിശീലനം നൽകി, പൊതുജനങ്ങളിൽ സൈബർ കുറ്റകൃത്യങ്ങളെ കുറിച്ച് അവബോധം എത്തിക്കുകയാണ് ലക്ഷ്യം.
പരിശീലനം ലഭിച്ചവരുടെ നേതൃത്വത്തിൽ അതതു സ്റ്റേഷൻ പരിധികളിൽ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കും. താനൂർ പോലീസ് സ്റ്റേഷനിൽ നടന്ന പരിശീലനപരിപാടിയിൽ മലപ്പുറം സൈബർ ക്രൈം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ കെ.എം. ഷാഫി പന്ത്രാല ക്ലാസിന് നേതൃത്വം നൽകി.
സിവിൽ പോലീസ് ഓഫീസർമാരായ റിജിൽ രാജ്, സലേഷ്, രാജേഷ് എന്നിവർ പ്രസംഗിച്ചു. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന സൈബർ കുറ്റങ്ങളും അത്തരം കുറ്റകൃത്യങ്ങളിൽ കുടുങ്ങാതിരിക്കുവാനുള്ള കാര്യങ്ങളും ക്ലാസ്സിൽ വിശദീകരിച്ചു.
