എം.ഡി.എം.എ.യുമായി യുവാവ് എക്സൈസ് പിടിയിൽ
പരപ്പനങ്ങാടി : തിരൂരങ്ങാടി എക്സൈസ് സർക്കിൾ പാർട്ടിയും എക്സൈസ് ഉത്തരമേഖല സ്‌ക്വാഡും സംയുക്തമായി കോട്ടക്കൽ ഭാഗത്ത് നടത്തിയ പരിശോധനയിൽ വില്പനക്കായി എത്തിച്ച 14 ഗ്രാം എം.ഡി.എം.എ. യുമായി യുവാവ് പിടിയിലായി. വേങ്ങര കണ്ണമംഗലം എടക്കാപറമ്പ് സ്വദേശി കുതിരാളി വീട്ടിൽ പട്ടർകടവൻ ഉബൈദി (33) നെയാണ് തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മധുസൂദനൻ പിള്ളയും പാർട്ടിയും അറസ്റ്റ് ചെയ്തത്.
കോട്ടക്കൽ ഭാഗങ്ങളിൽ സ്ഥിരമായി മാരക ലഹരിയായ എംഡി എം എ എത്തിച്ചു നൽകുന്നതിൽ പ്രധാനിയാണ് പിടിയിലായ ഉബൈദ്.
ഉത്തര മേഖല കമ്മീഷണർ സ്‌ക്വാഡ് ഇൻസ്പെക്ടർ ടി. ഷിജുമോന് ലഭിച്ച രഹസ്യ വിവരത്തിന്മേൽ കഴിഞ്ഞ ഒരു മാസത്തോളമായി നടത്തിയ രഹസ്യ നിരീക്ഷണത്തിനടുവിലാണ് കോട്ടക്കൽ പുത്തൂരിൽ ഒരു ലോഡ്ജിൽ മുറിയെടുക്കുന്നതിനിടെ വിപണിയിൽ ഒരു ലക്ഷത്തോളം രൂപ വിലമതിക്കുന്ന എം.ഡി.എം.എ. സഹിതം ഇയാളെ അറസ്റ്റ് ചെയ്തത്.
ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും ഇയാളുടെ കൂട്ടാളികൾക്കായി പരിശോധന തുടരുകയാണെന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞു.
പരിശോധനയിൽ സർക്കിൾ ഇൻസ്പെക്ടർക്ക് പുറമേ എക്സ്സൈസ് ഇൻസ്‌പെക്ടർ ടി. ഷിജുമോൻ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർമാരായ കെ.എസ്. സുർജിത്ത്, പി. പ്രഗേഷ്, പ്രവെൻ്റിവ് ഓഫീസർ കെ. പ്രദീപ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ശിഹാബുദ്ധീൻ, യൂസഫ്, എക്സൈസ് ഷാഡോ അംഗങ്ങളായ അഖിൽ ദാസ്, സച്ചിൻ, വനിതാ ഓഫീസറായ സിന്ധു പട്ടേരിവീട്ടിൽ, ഡ്രൈവർ അഭിലാഷ് തുടങ്ങിയവരും പങ്കെടുത്തു.
മലപ്പുറം കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് മഞ്ചേരി ജയിലിലേക്ക് റിമാൻഡ് ചെയ്തു.
