രാത്രിയുടെ മറവിൽ നെൽവയൽ മണ്ണിട്ട് നികത്താൻ ശ്രമം. മണ്ണുമായി വന്ന മൂന്ന് ലോറികൾ പോലീസ് പിടികൂടി.


തിരൂരങ്ങാടി: രാത്രിയുടെ മറവിൽ നെൽ വയൽ മണ്ണിട്ട് നികത്താൻ ശ്രമം. മണ്ണുമായി വന്ന മൂന്ന് ലോറികൾ പോലീസ് പിടികൂടി. കൊടിഞ്ഞി കടുവാളൂർ കിഴക്കേ പാടത്താണ് ഏക്കർ കണക്കിന് നെൽകൃഷി നടക്കുന്ന വയൽ നികത്തുന്നത്. കഴിഞ്ഞദിവസം പത്തോളം ലോഡ് മണ്ണ് വയലിൽ നിക്ഷേപിച്ച്ചെങ്കിലും പിന്നീട് എത്തിയ മൂന്ന് ലോറികളാണ് പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്.
വിവരം ജിയോളജി വകുപ്പിനെ അറിയിച്ചതായും തിരൂരങ്ങാടി പോലീസ് പറഞ്ഞു. കൂടാതെ വില്ലേജ് ഓഫീസ് അധികൃതർ സ്ഥലം സന്ദർശിച്ചു. കടുവാളൂർ കൂനംമങ്ങ് മൈനർ ഇറിഗേഷന്റെ കനാലിനോട് ചേർന്നുള്ള ഓവുപാലത്തിൽനിന്നും വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുന്ന രീതിയിലാണ് മണ്ണിട്ട് നികത്തുന്നത്.
കഴിഞ്ഞ വർഷങ്ങളിൽ ഇതിനു ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു എന്ന് നാട്ടുകാർ പറഞ്ഞു. ഇത്തവണ മതിൽകെട്ടുന്നതിനും മറ്റും കരിങ്കല്ലുകളും ഇറക്കിയിട്ടുണ്ട്.
കുണ്ടൂർ ആശാരിത്താഴം, കൊടിഞ്ഞി അൽഅമീൻ നഗർ ഭാഗങ്ങളിൽനിന്നും വർഷക്കാലത്ത് വെള്ളം വെഞ്ചാലിയിലേക്ക് ഒഴുകിപ്പോകുന്നത് ഇവിടെയുള്ള ഓവ് പാലം വഴിയാണ്. കുണ്ടൂർ തോട്ടിലൂടെ വെള്ളം ഒഴുകുമെങ്കിലും കടുവാളൂരിനോട് ചേർന്നുകിടക്കുന്ന സ്ഥലം താഴ്ന്നുകിടക്കുന്നതിനാൽ ഇവിടെയുള്ള വെള്ളം ഈ ഓവുപാലം വഴി ഒഴുക്കിവിട്ടാണ് ഇവിടെയും പരിസര പ്രദേശങ്ങളിലും കൃഷി ചെയ്യൂന്നത്.
കനാൽ നിർമ്മിക്കുന്നതിന് മുൻപും ഇതിലൂടെയായിരുന്നു വെള്ളം ഒഴുകിയിരുന്നതെന്ന് പരിസര വാസികൾ പറയുന്നു. കനാലിനു താഴെ മൂന്നടി ചതുരത്തിൽ ഓവുപാലം. ഇതും അടക്കാനുള്ള ശ്രമം ഭൂമാഫിയ നടത്തുന്നതായും നാട്ടുകാർ പറഞ്ഞു. പ്രദേശത്ത് ജലയൊഴുക്ക് തടസപ്പെട്ടാൽ വർഷക്കാലങ്ങളിൽ കൊടിഞ്ഞി മേഖലകളിൽ വെള്ളം കെട്ടിനിൽക്കാൻ അവസരമൊരുക്കുകയും ചെയ്യുമെന്ന് കർഷകർ പറഞ്ഞു.