NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഓൺലൈൻ ആപ്പ് വഴി ലോൺ കൊടുക്കുമെന്ന് പരസ്യം നൽകി പണംതട്ടുന്ന സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ 

 

പരപ്പനങ്ങാടി : ഓൺലൈൻ ആപ്പ് വഴി ലോൺ കൊടുക്കുമെന്ന് പരസ്യം നൽകി പണം പണം തട്ടിയ സംഘത്തിലെ മൂന്ന് പേർ അറസ്റ്റിൽ.
വാണിയമ്പലം വൈക്കോലങ്ങാടി സ്വദേശി വലിയതൊടി യാസർ അറഫാത്ത് (34), വണ്ടൂർ കരുണാലയപ്പടി സ്വദേശി പൂലാടൻ അസ്ഫൽ (24), വണ്ടൂർ കോട്ടക്കുന്ന് സ്വദേശി പുലത്ത് വീട്ടിൽ ഫഹദ് (19) എന്നിവരെയാണ് ജില്ലാ പോലീസ് മേധാവി ശശിധരന്റെ നിർദേശപ്രകാരം താനൂർ ഡി.വൈ.എസ്.പി. വി.വി. ബെന്നിയുടെ നേതൃത്വത്തിൽ പരപ്പനങ്ങാടി പോലീസ് ഇൻസ്പെക്ടർ കെ.ജെ. ജിനേഷും സംഘവും അറസ്റ്റ് ചെയ്തത്.
ലോൺ നൽകാമെന്ന് ഇൻസ്റ്റഗ്രാമിലൂടെ പരസ്യം നൽകി കടലുണ്ടി സ്വദേശിയായ യുവതിയിൽ 70300 രൂപ തട്ടിയെടുത്തെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്. ഇൻസ്റ്റാഗ്രാമിലെ പരസ്യത്തിൽ കാണിച്ച നമ്പറുകളിൽ വിളിച്ചപ്പോൾ രണ്ടുലക്ഷം രൂപവരെ ലോൺ തരാമെന്നറിയിച്ചു.
അപേക്ഷ പൂരിപ്പിച്ചു നൽകുന്നതിനായി അയച്ചുകൊടുത്ത ലിങ്കിൽ വിവരങ്ങൾ നൽകിയ ഉടനെ യുവതി നൽകിയ അക്കൗണ്ട് നമ്പറിൽ ഒരു നമ്പർ തെറ്റിയിട്ടുള്ളതിനാൽ പിഴ അടക്കണമെന്നറിയിച്ചതാണ് ആദ്യം13000 രൂപ സംഘം തട്ടിയെടുത്തത്. തുടർന്നും നാലുതവണകളായി വിളിച്ച് ജി.എസ്.ടി.  അടക്കണമെന്നും, ലോക്ക് നീക്കുന്നതിന് പിഴ അടക്കണമെന്നും പറഞ്ഞു ഇവർ ആവശ്യപ്പെട്ട നാല് അക്കൗണ്ടുകളിലായി 70300 രൂപയാണ് പ്രതികൾ തട്ടിയെടുത്തത്.
പരാതിയെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പരാതിക്കാരിയായ യുവതി പണം അയച്ച ബാങ്ക് അക്കൗണ്ടിൽ ഒറ്റദിവസംതന്നെ 10 ലക്ഷം രൂപ എത്തിയതായി പോലീസ് കണ്ടെത്തിയതോടെയാണ് വണ്ടൂർ കേന്ദ്രീകരിച്ച് ഓൺലൈൻ ലോൺ അപ്ലിക്കേഷനുകൾ മുഖേന മലയാളി തട്ടിപ്പ് സംഘം  പ്രവർത്തിക്കുന്നുണ്ടെന്ന് പോലീസിന് മനസ്സിലായത്.
പ്രതി ഫഹദിന്റെ പേരിലുള്ളതാണ് ഈ ബാങ്ക് അക്കൗണ്ട്. തട്ടിപ്പുകൾക്ക് വേണ്ടി മാത്രമായി തുടങ്ങിയതാണിത്. ഒന്നാം പ്രതി യാസർ അറഫാത്തിന് പത്തോളം അക്കൗണ്ടുകൾ അസ്ഫൽ എന്നയാൾ എടുത്തുകൊടുത്തതായും പോലീസ് പറഞ്ഞു.
യാസർ അറാഫത്തിന് കേരളത്തിന് പുറത്തും ഓൺലൈൻ തട്ടിപ്പുമായി ബന്ധമുണ്ടെന്ന് പോലീസ് പറഞ്ഞു. ഈ തട്ടിപ്പ് സംഘത്തിന് വേണ്ടി സഹായം ചെയ്തുകൊടുക്കുന്നതിനായി മറ്റുള്ള ആളുകളുടെ അക്കൗണ്ട് ഉപയോഗിക്കുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. യാസർ അറഫത്തിന്റെ നാലോളം അക്കൗണ്ടുകൾ സമാനമായ രീതിയിൽ തട്ടിപ്പ് നടത്തിയതിന് മരവിപ്പിച്ചിട്ടുണ്ട്. കേസിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. വണ്ടൂർ എസ്.ഐ. ഷാഹുൽഹമീദ്, എസ്.ഐ. മാരായ ആർ. യു. അരുൺ, പരമേശ്വരൻ, ജയദേവൻ, സീനിയർ പോലീസ് ഓഫീസർ സിന്ധുജ, സിവിൽ പോലീസ് ഓഫീസർ പ്രബീഷ്, രഞ്ജിത്ത്, മുജീബ് റഹ്മാൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!