നാലുസ്വർണവും ഒരു വെള്ളിയും : അന്താരാഷ്ട്ര മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിൽ താരമായി വിനോദ്


പരപ്പനങ്ങാടി : ദുബായിൽ വെച്ച് നടന്ന ആദ്യ ഓപ്പൺ അന്താരാഷ്ട്ര മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത് നാലു സ്വർണവും ഒരു വെള്ളിയും നേടി പരപ്പനങ്ങാടി സ്വദേശി താരമായി.
പാലത്തിങ്ങൽ കൊട്ടന്തലയിലെ കെ.ടി. വിനോദാണ് പങ്കെടുത്ത നാലു വ്യക്തിഗത ഇനങ്ങളിലും സുവർണ്ണ നേട്ടം കൈവരിച്ചത്. 1500 മീറ്റർ ഓട്ടം, 800 മീറ്റർ ഓട്ടം, 110 മീറ്റർ ഹർഡിൽസ്, ജാവലിൻത്രോ ഇനങ്ങളിൽ സ്വർണ്ണവും 4×100 മീറ്റർ റിലേയിൽ വെള്ളിയും കരസ്തമാക്കി.
കഴിഞ്ഞ മാസം 25 നാണ് വിനോദ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനായി ദുബായിലേക്ക് പുറപ്പെട്ടത്. സാമ്പത്തികമായ പ്രയാസം കാരണം അന്താരാഷ്ട്ര മീറ്റ് എന്നത് സ്വപ്നംമാത്രമായി അവശേഷിക്കുമെന്ന് കരുതിയിരിക്കുമ്പോൾ ചെർപ്പുളശ്ശേരി ഇസ്സ ഗ്രൂപ്പിന്റെ സഹായമെത്തിയതാണ് വിനോദിന് തുണയായത്.
കായിക മേഖലയിൽ ഒറ്റക്കും കൂട്ടായും വിനോദ് ശോഭിച്ചിട്ടുണ്ട്. സിവിൽ സർവീസിന്റെ ജില്ലാ സംസ്ഥാന മീറ്റുകളിലും, മാസ്റ്റേഴ്സ് അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലും ജില്ലാ, സംസ്ഥാന, ദേശീയ തലങ്ങളിലുമെല്ലാം നിരവധി മെഡലുകൾ വാരിക്കൂട്ടിയിട്ടുണ്ട്.
ചെറുപ്പം മുതൽ കായിക തല്പരനായിരുന്ന വിനോദ് സ്കൂൾ, കോളേജ് തലങ്ങളിലും മികച്ച പ്രകടനം കാഴ്‌ച വെച്ചിരുന്നു. ഫുട്ബോളിലൂടെയാണ് വിനോദ് ട്രാക്കിലേക്കുള്ള വഴിതെളിച്ചത്. ഫുട്ബോളിൽ കേരള പോലീസ് ടീമിൽ വരെ എത്തിയിരുന്നു. ഇതിനിടെ കാൽമുട്ടിനേറ്റ പരിക്ക് വില്ലനായി. തുടർന്ന് ശസ്ത്രക്രിയക്ക് ശേഷമാണ് ട്രാക്കിലെത്തി സിവിൽ സർവീസ് മീറ്റുകളിലും പങ്കെടുക്കാൻ തുടങ്ങിയത്.
പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബ് ചെയർമാനും നല്ലൊരു ഫുട്ബോൾ പരിശീലകനുമായ വിനോദ് സഹകരണ വകുപ്പിൽ തിരൂരങ്ങാടി സർക്കിളിന് കീഴിൽ കോ ഓപറേറ്റീവ് ഇൻസ്പെക്ടറാണ്. ശ്രേയയാണ് ഭാര്യ. സാൻവിയ, അൽവാരോ എന്നിവർ മക്കളാണ്.
ഇഖ്ബാൽ പാലത്തിങ്ങൽ