കോഴിക്കോട് നഗരത്തില്‍ ലോഡ്ജില്‍ യുവാവ് വെടിയേറ്റ നിലയില്‍
പ്രതീകാത്മക ചിത്രം
കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിന് സമീപമുള്ള ലോഡ്ജിൽ യുവാവിനെ വെടിയേറ്റ നിലയിൽ കണ്ടെത്തി. പേരാമ്പ്ര കാവുംതറ സ്വദേശി ഷംസുദ്ദീനാണ് വെടിയേറ്റത്.
സ്വയം വെടിവെച്ചതാകാമെന്നാണ് നിഗമനം. ഗുരുതരാവസ്ഥയിലുള്ള ഷംസുദ്ദീനെ ആശുപത്രിയിലേക്ക് മാറ്റി. ലോഡ്ജിലെ റൂമിൽ നിന്ന് ഗുരുതരാവസ്ഥയിൽ കണ്ടെത്തിയ ഷംസുദ്ദീനെ ആദ്യം സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
എന്നാൽ പിന്നീട് ഇവിടെ നിന്നും മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഇന്നലെ വൈകീട്ട് മൂന്നുമണിയോടെയാണ് ഇയാള്‍ ലോഡ്ജില്‍ മുറിയെടുക്കുന്നത്. രണ്ടു ദിവസമായി ഇയാളെ കാണാനില്ലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
പേരാമ്പ്ര പൊലിസിൽ വീട്ടുകാര്‍ പരാതിയും നല്‍കിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്തുള്ള ടവര്‍ ലൊക്കേഷന്‍ കാണിച്ചത്.
തുടര്‍ന്ന് ബന്ധുക്കളും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് ലോഡ്ജില്‍ വെടിയേറ്റ നിലയില്‍ ഷംസുദ്ദീനെ കണ്ടെത്തുന്നത്. സംഭവത്തില്‍ നടക്കാവ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്..
