പരപ്പനങ്ങാടി സിൻസിയർ ഇസ്‌ലാമിക് അക്കാദമിക്ക് കീഴിൽ മീലാദ് കാമ്പയിൻ
പരപ്പനങ്ങാടി : ‘സ്വീറ്റ് മീലാദ്’ റബീഅ് കാമ്പയിൻ്റെ ഭാഗമായി സിൻസിയർ ഇസ്‌ലാമിക് അക്കാദമിക്ക് കീഴിൽ നടക്കുന്ന പരിപാടികൾക്ക് തുടക്കമായി. കെ.പി.എ. മജീദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
അന്ധ വിശ്വാസത്തിൽ നിന്ന് സത്യമതത്തിലേക്ക് ഒരു വലിയ സമൂഹത്തെ കൊണ്ട് വന്ന തിരുനബി (സ്വ) യുടെ പ്രബോധനവും സാമൂഹിക ജീവിതവും അധ്യാപനവുമെല്ലാം സമൂഹത്തിന് മാതൃകയാണ്. ലഹരിക്ക് അടിമപ്പെട്ട് ജീവിക്കുന്ന പുതുതലമുറ മുത്ത് നബി (സ്വ ) യുടെ ജീവിതം പകർത്തേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
സിൻസിയർ ചെയർമാൻ സയ്യിദ് അബ്ദുല്ല ഹബീബ് റഹ്മാൻ അൽ ബുഖാരി കടലുണ്ടി അധ്യക്ഷത വഹിച്ചു. മർകസ് പ്രസിഡൻ്റ് സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നിർവഹിച്ചു. എസ്.വൈ.എസ് സംസ്ഥാന ഉപധ്യക്ഷൻ സയ്യിദ് തുറാബ് അസ്സാഖാഫി മദ്ഹ് റസൂൽ പ്രഭാഷണം നടത്തി. സയ്യിദ് ഷകീൽ ബുഖാരി, അബ്ദു നാസർ ഷാമിൽ ഇർഫാനി കക്കോവ്, മുഹമ്മദ് കുട്ടി ഹാജി, അബുബക്കർ ഹാജി ചെങ്ങാട്ട് , അഡ്വ: ഷിയാഫ് അഞ്ചില്ലൻ തുടങ്ങിയവർ സംബന്ധിച്ചു.
കാമ്പയിൻ്റെ ഭാഗമായി അസ്‌മാഹുൽ ഹുസ്ന മജ്‌ലിസ്, മൗലിദ് പാരായണം തുടങ്ങി വിത്യസ്ത പരിപാടികൾ നടക്കും. റ: അവ്വൽ 12 ന് പുലർച്ചെ 3 ന് ആയിരങ്ങൾ സംഗമിക്കുന്ന സമാപന സംഗമവും സ്വലാത്ത് വാർഷികവും നടക്കും.
