ചന്ദ്രയാൻ 3-നെ കുറിച്ചുള്ള പ്രകാശ് രാജിന്റെ പരാമർശം; കേസെടുത്ത് കർണാടക പൊലീസ്
ചന്ദ്രയാൻ 3-നെതിരെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്റിൽ നടൻ പ്രകാശ് രാജിനെതിരെ കേസ്. കഴിഞ്ഞ ദിവസമാണ് നടൻ ‘X’ൽ ഒരു ട്രോൾ ചിത്രം പോസ്റ്റ് ചെയ്തത്. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ ബനഹട്ടി പൊലീസ് സ്റ്റേഷനിൽ ചില ഹിന്ദു സംഘടനാ പ്രവർത്തകരുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.
‘ബ്രേക്കിങ് ന്യൂസ്, വിക്രം ലാൻഡറിന്റെ ചന്ദ്രനിൽ നിന്നുള്ള ആദ്യ ചിത്രം’ എന്ന കുറിപ്പോടെ ഒരാൾ ചായ അടിക്കുന്ന കാർട്ടൂൺ ചിത്രമാണ് പ്രകാശ് രാജ് പങ്കുവെച്ചത്. പിന്നാലെ നടനെതിരെ പരാതിയുമായി ഹിന്ദു സംഘടനകൾ രംഗത്തെത്തുകയായിരുന്നു. ‘മോദിയോടും ബിജെപിയോടുമുള്ള അന്ധമായ വിരോധത്താൽ ഐഎസ്ആർഒയുടെ കഠിനയത്നത്തെയാണ് പരിഹസിച്ചിരിക്കുന്നത്’, ‘ഇത് ബിജെപിയുടെ മിഷനല്ല, ഇന്ത്യയുടേതാണ്’ എന്നൊക്കെയായിരുന്നു പ്രതികരണം.
എന്നാൽ തന്റെ പോസ്റ്റ് ഒരു തമാശ മാത്രമമെന്നായിരുന്നു പ്രകാശ് രാജിന്റെ വിശദീകരണം. വെറുപ്പ് വെറുപ്പിനെ മാത്രമേ കാണൂ. ആംസ്‌ട്രോങ്ങിന്റെ കാലത്തുള്ള തമാശയാണ് പറഞ്ഞത്. കേരളത്തിലെ ചായവില്‍പ്പനക്കാരനെയാണ് ആഘോഷിച്ചത്. ട്രോളുകള്‍ ഏത് ചായവില്‍പ്പനക്കാരനെയാണ് കണ്ടതെന്നും അദ്ദേഹം ചോദിച്ചു.
ബിജെപിയ്ക്കും നരേന്ദ്ര മോദിക്കുമെതിരെ കടുത്ത വിമർശനങ്ങൾ സോഷ്യൽ മീഡിയയിലൂടെ രേഖപ്പെടുത്താറുള്ള നടനാണ് പ്രകാശ് രാജ്. അടുത്തിടെ നടന് നേരെ വധഭീഷണിയുണ്ടാകുന്ന സംഭവം വരെ ഉണ്ടായിട്ടുണ്ട്. ‘അയാൾ ചായ വിറ്റുവെന്ന് വിശ്വസിച്ചവർ പോലും അയാൾ രാജ്യവും വിൽക്കുന്നുവെന്ന് വിശ്വസിക്കുന്നില്ല’ എന്ന് നേരത്തെ പ്രകാശ് രാജ് മോദിക്കെതിരെ ട്വീറ്റ് ചെയ്തത് ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
