വ്യാപക മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്


തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ സംസ്ഥാനത്ത് വ്യാപകമഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അലേർട്ടുള്ളത്. അടുത്ത 3 മണിക്കൂറിൽ കോഴിക്കോട്, വയനാട്,കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അതേസമയം, മഹാരാഷ്ട്രയിൽ തുടർച്ചയായി മഴ പെയ്യുന്ന സാഹചര്യത്തിൽ താനെ, റായ്ഗഡ്, പൂനെ, പാൽഘർ എന്നീ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കൂടാതെ, മുംബൈ, രത്നഗിരി, സത്താറ എന്നിവിടങ്ങളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലുണ്ടായ മണ്ണിടിച്ചിലിൽ 16 പേരാണ് മരിച്ചത്.