NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഓപ്പറേഷന്‍ തീയറ്ററില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണം, തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന് വിദ്യാര്‍ത്ഥിനികളുടെ കത്ത്

 

ഓപ്പറേഷന്‍ തീയറ്ററിനുള്ളില്‍ തലമറക്കുന്ന ശിരോവസ്ത്രവും ( ഹിജാബ്) നീളന്‍ കൈയുള്ള ജാക്കറ്റുകളും ധരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥിനികള്‍ പ്രിന്‍സിപ്പല്‍ ഡോ. ലിനറ്റ് ജെ മോറിസിനാണ് കത്ത് നല്‍കിയത്. 2020ലെ എം ബി ബി എസ് ബാച്ചിലെ വിദ്യാര്‍ത്ഥിയാണ് കത്ത് നല്‍കിയതെങ്കിലും കത്തില്‍ 2018,2021,2022 ബാച്ചിലെ ആറ് വിദ്യാര്‍ത്ഥിനികളുടെ ഒപ്പുണ്ട്.

 

ഇത്തരത്തിലൊരു കത്ത് ലഭിച്ചിട്ടുണ്ടെന്നും കത്ത് ചര്‍ച്ച ചെയ്യമെന്നും പ്രിന്‍സിപ്പല്‍ മാധ്യമങ്ങളോട് പറഞ്ഞു. ജൂണ്‍ 26 നാണ് വിദ്യാര്‍ത്ഥിനികളുടെ കത്ത് പ്രിന്‍സിപ്പലിന് ലഭിച്ചത്. ഓപ്പറേഷന്‍ തീയറ്ററിനുള്ളില്‍തലമറക്കാന്‍ തങ്ങളെ അനുവദിക്കുന്നില്ലന്നും മതവിശ്വാസമനുസരിച്ച് മുസ്‌ലിം സ്ത്രീകള്‍ക്ക് എല്ലാ സാഹചര്യങ്ങളും തലമറക്കുന്ന ഹിജാബ് നിര്‍ബന്ധമാണെന്നും ഇവര്‍ കത്തില്‍ പറയുന്നു. മത വിശ്വാസമനുസരിച്ച് ഓപ്പറേഷന്‍ തീയറ്ററില്‍ കയ്യും തലയും മറക്കുന്ന വസ്ത്രങ്ങള്‍ ധരിക്കണമെന്നാണ് കത്തില്‍ ഇവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

 

ഫുള്‍ സ്ലീവ് വസ്ത്രം ധരിക്കുമ്പോള്‍ ഓപ്പറേഷന്‍ തീയറ്ററില്‍ ചെയ്യേണ്ടകാര്യങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകും കൈകള്‍ ഇടക്കിടെ കഴുകണം. രോഗികളെ ശുശ്രൂഷിക്കുമ്പോള്‍ കൈകള്‍ വൃത്തിയാക്കി വെക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം ഇന്‍ഫക്ഷന്‍ ( അണുബാധ) ഉണ്ടായേക്കാം. ഇത്തരം കാര്യങ്ങള്‍ ഉള്ളത് കൊണ്ട് കൈകള്‍ മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കുന്നത് ബുദ്ധിമുട്ടാകുമെന്ന് വിദ്യാര്‍ത്ഥികളോട് വിശദീകരിച്ചിട്ടുണ്ടെന്നു പ്രിന്‍സിപ്പല്‍ പറഞ്ഞു.

മാധ്യമങ്ങള്‍ പുറത്ത് വിട്ട മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥിനികളുടെ കത്ത് 

‘തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വിവിധ ബാച്ചുകളിലായുള്ള മുസ്ലിം വിഭാഗത്തിലുള്ള പെണ്‍കുട്ടികളെ ഓപ്പറേഷന്‍ തിയേറ്ററില്‍ തല മറയ്ക്കാന്‍ അനുവദിക്കാത്ത സാഹചര്യത്തെ അഭിമുഖീകരിക്കാനാണ് ഈ കത്ത്. ഏതൊരു സാഹചര്യത്തിലും മുസ്ലിം സ്ത്രീകള്‍ തല മറയ്ക്കണം എന്നതാണ് മതവിശ്വാസ പ്രകാരം നിഷ്‌കര്‍ഷിക്കുന്നത്. ഹോസ്പിറ്റല്‍ മാനദണ്ഡങ്ങള്‍ അനുസരിച്ചും ഓപ്പറേഷന്‍ റൂം നിര്‍ദ്ദേശങ്ങള്‍ പിന്തുടര്‍ന്നും ഹിജാബ് ധരിക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്.

എന്നാല്‍ ലോകത്തിന്റെ മറ്റ് പല ഭാഗങ്ങളിലും ഇതിന് അനുകൂലമായ രീതിയിലുള്ള ആശുപത്രി വസ്ത്രങ്ങള്‍ നല്‍കുന്ന കമ്പനികള്‍ ഉണ്ട്. നീളമുള്ള കൈകളുള്ള സ്‌ക്രബ് ജാക്കറ്റും സര്‍ജിക്കല്‍ ഹുഡും ശുചിത്വമുറപ്പിക്കുന്ന രീതിയില്‍ ലഭ്യവുമാണ്. ഈ വിഷയത്തിലേക്ക് ശ്രദ്ധ നല്‍കണമെന്നും ഞങ്ങള്‍ക്ക് നീളമുള്ള കൈകളോട് കൂടിയ സ്‌ക്രബ് ജാക്കറ്റും സര്‍ജിക്കല്‍ ഹുഡും ഓപ്പറേഷന്‍ തിയറ്ററില്‍ ധരിക്കാന്‍ അനുവാദം നല്‍കണമെന്നും അപേക്ഷിക്കുന്നു. എനിക്കൊപ്പം സമാനമായ രീതിയില്‍ ഈ പ്രശ്‌നം അഭിമുഖീകരിക്കുന്ന വിദ്യാര്‍ത്ഥിനികളും ഒപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്’

 

Leave a Reply

Your email address will not be published. Required fields are marked *