വിദ്യാഭ്യാസസ്ഥാപനങ്ങളിൽ പ്രവേശനം വാഗ്ദാനംചെയ്ത് പണം തട്ടിയ യുവാവ് അറസ്റ്റിൽ
1 min read
പെരിന്തൽമണ്ണ: ഇതരസംസ്ഥാനങ്ങളിലെ വിവിധ സർവകലാശാലകളിലും കോളേജുകളിലും പ്രവേശനം ശരിയാക്കാമെന്നുപറഞ്ഞ് വിദ്യാർഥികളിൽനിന്നു പണം വാങ്ങി വഞ്ചിച്ചെന്ന കേസിൽ യുവാവ് അറസ്റ്റിൽ. ഏലംകുളം കുന്നക്കാവ് കോലോത്തൊടി മുബീനെ(34)യാണ് പെരിന്തൽമണ്ണ പോലീസ് ഇൻസ്പെക്ടർ സി. അലവി അറസ്റ്റുചെയ്തത്.
മുബീൻ പെരിന്തൽമണ്ണയിൽ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം നടത്തിയിരുന്നു. അട്ടപ്പാടി അഗളിയിലും ആനക്കട്ടിയിലും ഒളിവിൽ താമസിക്കുകയായിരുന്ന ഇയാളെ മലപ്പുറത്തുനിന്നാണ് കസ്റ്റഡിയിലെടുത്തത്.
2016-ൽ വ്യാജരേഖയുണ്ടാക്കിയതിനും വഞ്ചനയ്ക്കും മുബീന്റെ പേരിൽ ചെർപ്പുളശ്ശേരി പോലീസ്സ്റ്റേഷനിൽ കേസുണ്ടെന്ന് പോലീസ് പറഞ്ഞു. എസ്.ഐ. യാസിർ, സീനിയർ സി.പി.ഒ.മാരായ അബ്ദുൾസലാം നെല്ലായ, ഉല്ലാസ്, സക്കീർ പാറക്കടവൻ, സി.പി.ഒ.മാരായ ഷജീർ, സത്താർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ്ചെയ്തു.