NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പി.കെ ഫിറോസിന്റെ അറസ്റ്റ്: ചെമ്മാട് പ്രതിഷേധ പ്രകടനം നടത്തിയവര്‍ക്കെതിരെ കേസെടുത്തു.

 

തിരൂരങ്ങാടി: മുസ്്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ചെമ്മാട് ടൗണില്‍ പ്രകടനം നടത്തിയവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

 

തിങ്കളാഴ്ച്ച വൈകീട്ട് അഞ്ച് മണിക്ക് നടന്ന പ്രകടനത്തിനെതിരെയാണ് കേസെടുത്തത്. തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി യു.എ. റസാഖ് (36), മുന്‍സിപ്പല്‍ മുസ്്‌ലിംലീഗ് ജനറല്‍ സെക്രട്ടറി എം അബ്ദുറഹ്മാന്‍ കുട്ടി(45), ഇസ്സു ഇസ്മായീല്‍ ഉള്ളാട്ട്(48), യു.കെ മുസ്തഫ മാസ്റ്റര്‍(52), അയ്യൂബ് തലാപ്പില്‍ (44) എന്നിവര്‍ക്കെതിരെയാണ് തിരൂരങ്ങാടി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

മുദ്രാവാക്യം വിളിച്ച് ലഹളയുണ്ടാക്കണമെന്ന ലക്ഷ്യത്തില്‍ സംഘം ചേര്‍ന്നെന്നും ഗതാഗത തടസ്സം സൃഷ്ടിച്ചെന്നുമാണ് കേസ്. ഐ.പി.സി 143,147,283,149 വകുപ്പുകള്‍ക്ക് പുറമെ കേരള പൊതുവഴി നിയന്ത്രണങ്ങളുടെയും ഘോഷയാത്രയുടെയും ആക്റ്റ് 4,6 ഉം ഇവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

 

പ്രതിഷേധിക്കുന്നവര്‍ക്കെതിരെ  കള്ളക്കേസ്
പോലീസ് നടപടി പ്രതിഷേധാർഹം: മുസ്്‌ലിം യൂത്ത്‌ലീഗ്

തിരൂരങ്ങാടി: ചെമ്മാട് പ്രതിഷേധ പ്രകടനം നടത്തിയവര്‍ക്കെതിരെ കേസെടുത്ത നടപടി പ്രതിഷേധാര്‍ഹവും ജനാധിപത്യ വിരുവുമാണെന്ന് തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി യു.എ റസാഖ് പറഞ്ഞു.

ജനദ്രോഹ നടപടികളുമായി മുന്നോട്ട് പോകുന്ന സര്‍ക്കാറിനെതിരെ പ്രതിഷേധം സ്വാഭാവികമാണ്. അതിനെ അടിച്ചൊതുക്കുക എന്ന ലക്ഷ്യത്തിലാണ് സര്‍ക്കാര്‍ കള്ളക്കേസുകള്‍ രജിസ്റ്റര്‍ ചെയ്യിക്കുന്നത്. പ്രതിപക്ഷവും സമരവുമെല്ലാം ജനാധിപത്യത്തിന്റെ ഭാഗമാണ്. എന്നിട്ടും സമാധാന പരമായി പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കേസെടുക്കുന്നത് അംഗീകരിക്കാനാകില്ല.
തിരൂരങ്ങാടി പൊലീസ് തുടരുന്നത് കാടത്ത നടപടിയാണ്. വിഷയത്തില്‍ പൊലീസ് തിരുത്തിയില്ലെങ്കില്‍  ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും.

ഗതാഗത തടസ്സമോ ജനങ്ങള്‍ക്ക് പ്രയാസമോ നേരിടാത്ത പ്രതിഷേധ പ്രകടനത്തില്‍ സര്‍ക്കാറിനെതിരെ മുദ്രാവാക്യം വിളിച്ചു എന്ന കാരണം പറഞ്ഞും ഇല്ലാ കാര്യങ്ങള്‍ പറഞ്ഞുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കള്ളക്കേസുകള്‍ കൊണ്ട് യൂത്ത്‌ലീഗ് യുവതയുടെ പ്രതിഷേധം അവസാനിപ്പിക്കാമെന്നാണ് സര്‍ക്കാറും പൊലീസും കരുതുന്നതെങ്കില്‍ അത് വ്യാമോഹമാണ്. പൊലീസിനെതിരെയും സമരം ശക്തമാക്കുമെന്നും യു.എ റസാഖ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *