എടപ്പാളിൽ ബിസ്കറ്റ് കച്ചവടത്തിന്റെ മറവിൽ ലഹരി ഉത്പന്നങ്ങൾ കച്ചവടം നടത്തുന്ന സംഘം പിടിയിൽ


ബിസ്കറ്റ് കച്ചവടത്തിന്റെ മറവിൽ വൻതോതിൽ ലഹരി ഉത്പന്നങ്ങൾ കച്ചവടം നടത്തുന്ന സംഘം പിടിയിൽ. ഒരു കോടി രൂപ വിലവരുന്ന ഒരു ലക്ഷത്തിൽപ്പരം ഹാൻസ് പാക്കറ്റുകൾ പിടിച്ചെടുത്തു.
ലോറിയിൽ വിതരണത്തിന് കൊണ്ടുപോകാൻ തയ്യാറെടുക്കുകയായിരുന്ന സംഘത്തിലെ മൂന്നുപേരെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. പട്ടാമ്പി കൂരിപ്പറമ്പിൽ റമീഷ് (43), നെടുമങ്ങാട് ഇടിഞ്ഞാർ കിഴക്കുംകര ഷെമീർ (38), വല്ലപ്പുഴ കാളപറമ്പിൽ അലി (47) എന്നിവരെയാണ് ഡെപ്യൂട്ടി കമ്മിഷണർ താജുദ്ദീൻകുട്ടിയുടെ നേതൃത്വത്തിലുളള സ്പെഷ്യൽ സ്ക്വാഡ് പിടികൂടിയത്.
വട്ടംകുളത്ത് പ്രവർത്തിക്കുന്ന ബിസ്കറ്റ് ഗോഡൗണിലേക്ക് ബിസ്കറ്റ് കൊണ്ടുവരുന്ന രണ്ടു ലോറിക്കുള്ളിലാണ് ലഹരിക്കടത്ത് നടത്തിയിരുന്നത്. വെളിയങ്കോട് സ്വദേശിയായ ഒരാൾക്ക് വേണ്ടിയാണ് ലഹരി ഉത്പന്നങ്ങൾ കൊണ്ടുവന്നിരുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കേരളത്തിലെ വിവിധ ജില്ലകളിലേക്ക് മൊത്തമായും ചില്ലറയായും ഹാൻസ് ഉത്പന്നങ്ങൾ വിതരണം ചെയ്യുന്ന സംഘത്തിലെ കണ്ണികളാണ് വലയിലായത്.
എക്സൈസ് ഇൻസ്പെക്ടർ പി.എം. മുഹമ്മദ് റിയാസ്, ഇൻസ്പെക്ടർമാരായ ഷഫീക്, ടി. ഷിജുമോൻ, പി.ഡി. പ്രദീപ് കുമാർ, ഷിബു, നിതിൻ ചോമരി, ചങ്ങരംകുളം ഇൻസ്പെക്ടർ ബഷീർ ചിറക്കൽ എന്നിവരടങ്ങിയ സംഘമാണ് ലഹരിവേട്ടയ്ക്ക് നേതൃത്വം നൽകിയത്.