ഭിന്നശേഷിക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം: കേസ് പരപ്പനങ്ങാടി പോലീസിന് കൈമാറും
1 min read

ഭിന്നശേഷിക്കാരിയായ ബിരുദ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസ് പരപ്പനങ്ങാടി പോലീസിന് കൈമാറും. സംഭവംനടന്നത് പരപ്പനങ്ങാടി പോലീസ്‌സ്റ്റേഷൻ പരിധിയിലായതിനാലാണിത്. പരപ്പനങ്ങാടി സ്വദേശികളായ നെടുവ പുത്തരിക്കൽ തയ്യിൽവീട്ടിൽ മുനീർ (40), നെടുവ അലീക്കനകത്ത് സഹീർ (31), നെടുവ പള്ളിക്കൽ പ്രജീഷ് (41) എന്നിവരാണ് അറസ്റ്റിലായത്. പേരാമ്പ്ര മജിസ്‌ട്രേറ്റ് കോടതി ഇവരെ റിമാൻഡ് ചെയ്തു.
യാത്രയ്ക്കിടെ വഴിതെറ്റി പരപ്പനങ്ങാടിയിലെത്തിയപ്പോഴാണ് പേരാമ്പ്ര സ്വദേശിനിയായ വിദ്യാർഥിനി ലൈംഗികപീഡനത്തിന് ഇരയായത്. 21-ന് പന്തീരാങ്കാവിലെ ബന്ധുവീട്ടിലേക്കെന്നു പറഞ്ഞാണ് വിദ്യാർഥിനി വീട്ടിൽനിന്നുപോയത്. എന്നാൽ, ബസ് മാറി പരപ്പനങ്ങാടിയിലെത്തിയെന്നാണ് പോലീസിന് നൽകിയ മൊഴി. റെയിൽവേസ്റ്റേഷനിൽ എത്തിയപ്പോഴാണ് ഒന്നാംപ്രതി മുനീറും രണ്ടാംപ്രതി സഹീറും ചേർന്ന് സഹായിക്കാമെന്ന വ്യാജേന ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയത്.
പരപ്പനങ്ങാടി ആവിയിൽ ബീച്ചിലുള്ള സ്രാമ്പിയുടെ മുകൾനിലയിലെ മുറിയിലേക്കാണ് ആദ്യം എത്തിച്ചതെന്ന് പോലീസ് പറഞ്ഞു. ഇവിടെവെച്ച് മുനീർ പീഡിപ്പിച്ചു. ഈ സമയം സഹീർ വീണ്ടും ഓട്ടോയിൽ പരപ്പനങ്ങാടി സ്വദേശിയായ മറ്റൊരാളുമായി മുറിയിലേക്കെത്തി. ഇവിടെവെച്ച് ലൈംഗികാതിക്രമം നടത്തി. കേസിൽ പ്രതിയായ ഇയാളെ പിടികൂടാനുണ്ട്. പിന്നീട് മൂന്നുപേരും വിദ്യാർഥിനിയുമായി ടൗണിലേക്കെത്തി. രണ്ടുപേരെ വഴിയിലിറക്കി സഹീർ ഓട്ടോയിൽ പെൺകുട്ടിയുമായി യാത്രതുടർന്നു.
യാത്രയ്ക്കിടെ ഒരിടത്ത് നിർത്തിയിട്ട് പീഡിപ്പിച്ചു. ഓട്ടോ കേടായതോടെ പുലർച്ചെ പത്രക്കെട്ടിറക്കാനായി പോകുന്ന മറ്റൊരു ഓട്ടോയിൽ കയറ്റിവിട്ടു. ഈ വാഹനഡ്രൈവർക്ക് രാവിലെ മറ്റൊരു യാത്രയുള്ളതിനാൽ മൂന്നാംപ്രതിയായ പ്രജീഷിന്റെ ഓട്ടോയിൽ കയറ്റി. പ്രജീഷ് 22-ന് രാവിലെ കോട്ടക്കലിലെ ലോഡ്ജിൽ എത്തിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു. ഇതിനുശേഷം തിരൂർ റെയിൽവേസ്റ്റേഷനിൽ എത്തിച്ച്, ട്രെയിനിൽ കാസർകോട്ടേക്ക് ടിക്കറ്റെടുത്ത് കയറ്റിവിട്ടെന്നാണ് പോലീസന്വേഷണത്തിൽ വ്യക്തമായത്.
അന്വേഷണം തുടങ്ങുമ്പോൾ പ്രതികളെപ്പറ്റി പോലീസിന് വ്യക്തമായ ഒരുചിത്രം ഉണ്ടായിരുന്നില്ല. പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിലെത്തി പരിശോധിച്ചപ്പോൾ സി.സി.ടി.വി. യൊന്നുമുണ്ടായിരുന്നില്ല. സാമൂഹികമാധ്യമത്തിലൂടെ വിദ്യാർഥിനി പരിചയപ്പെട്ട സുഹൃത്തായ കണ്ണൂർസ്വദേശി അനസിനെ കണ്ടെത്താനായതോടെയാണ് കേസിന് പ്രധാന തുമ്പായത്. അനസിന്റെ ഫോണിലേക്ക് പ്രതികളിൽ ഒരാളുടെ ഫോണിൽനിന്ന് ഒരിക്കൽ വിളിയെത്തിയിരുന്നു. ഫോണില്ലാത്ത പെൺകുട്ടി വാങ്ങിവിളിച്ചതായിരുന്നു ഇത്.
അനസിനെ പരപ്പനങ്ങാടിയിലേക്ക് വിളിച്ചുവരുത്തി ഒപ്പംകൂട്ടണമെന്ന് പെൺകുട്ടി ആവശ്യപ്പെട്ടെങ്കിലും വിവാഹിതനാണെന്നുപറഞ്ഞ് ഇയാൾ പിൻമാറിയെന്നാണ് പോലീസ് പറയുന്നത്. പ്രതികളിൽ ഒരാളെ തിരിച്ചറിഞ്ഞതോടെ മറ്റുള്ളവരെയും വേഗത്തിൽ കണ്ടെത്താനായി.
പേരാമ്പ്ര ഇൻസ്പെക്ടർ ബിനു തോമസ്, എ.എസ്.ഐ. പി.കെ. ശ്രീജിത്ത്, സീനിയർ സി.പി.ഒ.മാരായ ടി.കെ. റിയാസ്, വിനീഷ്, സി.പി.ഒ. റീഷ്മ, ഡ്രൈവർ ജ്യോതേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ വലയിലാക്കിയത്.