ഒന്നേമുക്കാൽ കോടിയുടെ സിഗരറ്റ് ശേഖരം പിടിച്ചു; പിടിച്ചത് മൂന്നരലക്ഷം പാക്കറ്റ് സിഗരറ്റ്


നിലമ്പൂർ ∙ മമ്പാട് പുള്ളിപ്പാടം കറുകമണ്ണയിൽ ഒന്നേമുക്കാൽ കോടി രൂപയുടെ നികുതിയടയ്ക്കാത്ത സിഗരറ്റ് ശേഖരം പൊലീസ് പിടികൂടി. പൂളക്കപ്പൊയിൽ പള്ളിപ്പറമ്പിൽ അസ്കറിന്റെ (37) വീട്ടിൽ നിന്നാണ് ഡിവൈഎസ്പി സാജു കെ. ഏബ്രഹാമിന്റെ നേതൃത്വത്തിൽ ഡാൻസാഫ് സംഘം, നിലമ്പൂർ പൊലീസ് എന്നിവർ ചേർന്ന് വിവിധ ബ്രാൻഡുകളിലുള്ള 3.5 ലക്ഷം പാക്കറ്റ് സിഗരറ്റ് പിടികൂടിയത്.
ടിപ്പർ ലോറി ഉടമയാണ് അസ്കർ. എടവണ്ണയിൽ നിന്ന് തമിഴ്നാട്ടിലെ നീലഗിരി ജില്ലയിലേക്ക് പതിവായി ലോറിയിൽ എം സാൻഡ് കൊണ്ടുപോകാറുണ്ട്. മടങ്ങി വരുമ്പോൾ ഗൂഡല്ലൂരിൽ നിന്ന് രഹസ്യമായി സിഗരറ്റ് കയറ്റി കാലിലോറി എന്ന മട്ടിൽ നികുതി വെട്ടിച്ച് ചെക്പോസ്റ്റ് കടന്നു പോരുന്നതാണ് തട്ടിപ്പിന്റെ രീതി.സർക്കാരിന് ലക്ഷങ്ങളുടെ നികുതി നഷ്ടമാണ് ഓരോ തവണയും സംഭവിക്കുന്നത്.
പാക്കറ്റ് ഒന്നിന് 70 രൂപ വിലയുള്ള സിഗരറ്റ് ചെറിയ വിലയ്ക്ക് മാർക്കറ്റുകളിൽ വിൽപന നടത്തിയതായി പൊലീസ് കണ്ടെത്തി. സിഗരറ്റ് നിലമ്പൂർ കോടതിക്ക് കൈമാറും. തുടർ നടപടികൾക്കായ ജിഎസ്ടി, വാണിജ്യ നികുതി വകുപ്പുകൾക്ക് വിവരം കൈമാറി. എസ്ഐ വി.വിജയരാജൻ, ഡാൻസാഫ് ടീമിലെ എസ്ഐ എം.അസൈനാർ, എൻ.പി.സുനിൽ, അഭിലാഷ് കൈപ്പിനി, ടി.നിബിൻ ദാസ്, കെ.ടി.ആസിഫലി, ജിയോ ജേക്കബ്, ഷിജു , എഎസ്ഐ റെനി ഫിലിപ്, വിവേക് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.