NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കെഎസ്ആര്‍ടിസി ബ്രേക്കിട്ടില്ല, ജോമോന്റെ വാദം പൊളിഞ്ഞു; അപകടകാരണം ടൂറിസ്റ്റ് ബസിന്റെ അമിത വേഗം തന്നെ , റിപ്പോര്‍ട്ട്

വടക്കഞ്ചേരി ബസ് അപകടത്തില്‍ കെഎസ്ആര്‍ടിസിയുടെ ഭാഗത്ത് നിന്ന് പിഴവ് സംഭവിച്ചിട്ടില്ലെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസറാണ് റിപ്പോര്‍ട്ട് നല്‍കിയത്. അപകടസ്ഥലത്ത് കെഎസ്ആര്‍ടിസി ബസ് നിര്‍ത്താന്‍ ശ്രമിച്ചിട്ടില്ല.

ടൂറിസ്റ്റ് ബസ് ഇടിച്ചതിനെ തുടര്‍ന്നാണ് കെഎസ്ആര്‍ടിസി ബസിന്റെ നിയന്ത്രണം തെറ്റിയതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കെഎസ്ആര്‍ടിസി ബസ് സഡന്‍ ബ്രേക്കിട്ടതു മൂലമാണ് അപകടം ഉണ്ടായതെന്നാണ് ടൂറിസ്റ്റ് ബസിന്റെ ഡ്രൈവറായ ജോമോന്‍ പൊലീസിനോട് പറഞ്ഞത്. ഈ വാദത്തിനെതിരാണ് ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസറുടെ പ്രാഥമിക റിപ്പോര്‍ട്ട്.

അപകടത്തില്‍ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോമോനെയും ബസിന്റെ ഉടമ അരുണിനേയും പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. അപകടത്തിന് കാരണം ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അശ്രദ്ധയും ബസിന്റെ അമിത വേഗതയുമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സ്പീഡ് ഗവര്‍ണര്‍ പ്രവര്‍ത്തനരഹിതമാക്കിയിരുന്നു. കെഎസ്ആര്‍ടിസി ബസ് വേഗം കുറച്ചപ്പോള്‍ വെട്ടിക്കാനുള്ള ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ ശ്രമമാണ് അപകടത്തിന് കാരണമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പാലക്കാട് എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒയോട് സ്ഥലത്തു പോയി പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്കാണ് റിപ്പോര്‍ട്ട് നല്‍കുക. ഈ റിപ്പോര്‍ട്ട് ഇന്നു തന്നെ ഗതാഗതമന്ത്രിക്ക് കൈമാറിയേക്കും.

Leave a Reply

Your email address will not be published. Required fields are marked *