NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കോളേജിലേക്ക് സ്കൂട്ടറിൽ പോകാനിറങ്ങിയ യുവതി അമ്മയുടെ മുന്നിൽവെച്ച് ലോറിയിടിച്ച് മരിച്ചു

തൃശൂർ: സ്കൂട്ടറിൽ കോളേജിലേക്ക് പോകാനിറങ്ങി വിദ്യാർഥിനി അമ്മയുടെ കൺമുന്നിൽ ലോറിയിടിച്ച് മരിച്ചു. വിയ്യൂര്‍ മമ്പാട് പരേതനായ രാമകൃഷ്ണന്റെയും സുനിതയുടെയും മകള്‍ റെനിഷ (22) ആണ് മരിച്ചത്. വീട്ടിൽനിന്ന് സ്കൂട്ടറിൽ റോഡിലേക്ക് ഇറങ്ങുന്നതിനിടെയായിരുന്നു അപകടം. മകൾ കോളേജിലേക്ക് പോകുന്നത് അമ്മ മുറ്റത്തുനിന്ന് നോക്കിനിൽക്കുമ്പോഴാണ് അപകടം നടന്നത്.

ബുധനാഴ്ച രാവിലെ എട്ടു മണിക്കു ശേഷമാണ് അപകടമുണ്ടായത്. തൃശൂർ – വിയ്യൂർ റോഡ് സൈഡിലാണ് റെനിഷയുടെ വീട്. വീട്ടിൽനിന്ന് റോഡിലേക്ക് ഇറങ്ങി മറുവശത്തേക്ക് കടക്കുന്നതിനിടെയായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ ലോറി റെനിഷയുടെ സ്കൂട്ടറിൽ ഇടിക്കുകയും യുവതിയുടെ ദേഹത്തുകൂടി കയറിയിറങ്ങുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്നു. ഹെല്‍മെറ്റ് ധരിച്ചിരുന്നെങ്കിലും ആന്തരികാവയവങ്ങള്‍ക്ക് ഗുരുതരമായ ക്ഷതമേറ്റത് മരണകാരണമായി.

മകള്‍ സ്കൂട്ടറോടിച്ച് പോകുന്നത് നോക്കി നിന്ന അമ്മ സുനിത തന്നെയാണ് അപകടവിവരം നാട്ടുകാരെ അറിയിച്ചത്. ഉടൻ തന്നെ യുവതിയെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

ഒന്നരവര്‍ഷംമുന്‍പ് കോവിഡ് ബാധിച്ചായിരുന്നു റെനീഷയുടെ അച്ഛൻ രാമകൃഷ്ണൻ മരിച്ചത്. തുടര്‍ന്ന് വീടുകളില്‍ ട്യൂഷന്‍ എടുത്ത് പഠനത്തിനായി വരുമാനം കണ്ടെത്തുകയായിരുന്നു റെനിഷ. അരണാട്ടുകര ജോണ്‍മത്തായി സെന്ററിലെ എംബിഎ വിദ്യാര്‍ഥിനിയാണ്. വീടിനോട് ചേര്‍ന്ന് അമ്മ സുനിത ബ്യൂട്ടി പാര്‍ലര്‍ നടത്തുന്നുണ്ട്. നര്‍ത്തകികൂടിയാണ് റെനിഷ. സഹോദരി: രേഷ്‌ന.

Leave a Reply

Your email address will not be published. Required fields are marked *