ഡി അഡിക്ഷൻ സെൻ്ററുകൾ സന്ദർശിക്കാൻ കുട്ടികൾക്ക് അവസരമൊരുക്കണം : ഋഷിരാജ് സിങ്.
തെയ്യാലിങ്ങൽ: വിദ്യാർത്ഥികൾ ലഹരിക്ക് അടിമപ്പെടുന്നത് തടയുന്നതിൻ്റെ ഭാഗമായി കുട്ടികൾക്ക് ഡി അഡിക്ഷൻ സെൻ്ററുകൾ സന്ദർശിക്കാൻ അവസരം നൽകണമെന്ന് മുൻ ഡി.ജി.പി. ഋഷിരാജ് സിങ്.
‘നാഷ മുക്ത് ഭാരത് അഭിയാൻ’ പദ്ധതിയുടെ ഭാഗമായി തെയ്യാലിങ്ങൽ എസ്.എസ്.എം ഹയർ സെക്കണ്ടറി സ്കൂളിലെ എൻ.എസ്.എസ്, സ്കൗട്ട് ആൻഡ് ഗൈഡ്, ജെ.ആർ.സി. സൗഹൃദ ക്ലബ്ബ് എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ സെമിനാറിൽ സംസാരിക്കുകയായിരുന്നു ഋഷിരാജ് സിങ്. ലഹരിക്കെതിരെയുള്ള ബോധവത്കരണം വീടുകളിൽ നിന്ന് തുടങ്ങണം, സ്കൂളുകളിൽ ലഹരി വിരുദ്ധ ക്ലബ്ബ് രൂപീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നന്നമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.കെ. റൈഹാനത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ.വി.മൂസക്കുട്ടി അധ്യക്ഷത വഹിച്ചു.
