കടിഞ്ഞൂൽ പ്രസവത്തിന് അഡ്മിറ്റ് ചെയ്ത ഭാര്യയെ കാണാനെത്തിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു.


തിരൂരങ്ങാടി: കടിഞ്ഞൂൽ പ്രസവത്തിന് അഡ്മിറ്റ് ചെയ്ത ഭാര്യക്കൊപ്പമെത്തിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു. പെരുവള്ളൂർ – പറമ്പിൽ പീടിക സ്വദേശി പെരിഞ്ചേരി കുളപ്പുരക്കൽ കുഞ്ഞിമൊയ്‌ദീന്റെ മകൻ അബ്ദുൽ ഗഫൂർ (34) ആണ് മരിച്ചത്.
ഭാര്യ നസീബയെ പ്രസവത്തിന് ചെമ്മാട് സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാത്രി അഡ്മിറ്റ് ചെയ്തിരുന്നു. പുലർച്ചെ ഭാര്യയെ കാണാൻ മുറിയിലേക്ക് പോകുന്നതിനിടെ ആശുപത്രിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രി അധികൃതർ പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇവിടെ വെച്ചാണ് മരിച്ചത്. ഭർത്താവിന്റെ പെട്ടന്നുള്ള മരണം അറിയാതെ പ്രസവറൂമിൽ ആയിരുന്ന ഭാര്യ നസീബ തിങ്കളാഴ്ച വൈകുന്നേരത്തോടെ പെണ്കുഞ്ഞിന് ജന്മം നൽകി. വിവാഹം കഴിഞ്ഞ് ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ഞ് ഉണ്ടാകുന്നത്.
കുഞ്ഞിനെ കാണും മുമ്പേയുള്ള ഗഫൂറിന്റെ മരണം കുടുംബത്തിന്റെയും നാടിന്റെയും നൊമ്പരമായി. മൊബൈൽ ഫോൺ ടെക്നീഷ്യനായ അബ്ദുൽ ഗഫൂർ പറമ്പിൽ പീടികയിൽ മൊബൈൽ ഫോൺ ഷോപ് നടത്തുകയായിരുന്നു. മാതാവ് സൈനബ.