മത്സ്യ വ്യാപാരിയായ യുവാവിനെ മയക്കുമരുന്ന് ഉപയോഗ കേസിൽ ഉൾപ്പെടുത്തി പീഡിപ്പിച്ചെന്ന് : പരപ്പനങ്ങാടി പോലീസിനെതിരെ കുടുംബത്തിൻ്റെ പരാതി.
പരപ്പനങ്ങാടി : മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തി മത്സ്യവ്യാപാരിയായ യുവാവിനെ പൊലീസ് അന്യായമായി പീഡിപ്പിക്കുകയും മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തതായി മത്സ്യവ്യാപാരിയും കുടുംബവും വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം പരപ്പനങ്ങാടി മത്സ്യമാർക്കറ്റിൽ വെച്ചാണ് മത്സ്യ വ്യാപാരിയായ പി.പി. ഷാഹുലിനെ പരപ്പനങ്ങാടി സി. ഐ ഹണി കെ ദാസ് പൊലീസ് സ്റ്റേഷനിലേക്ക് മാർക്കറ്റിൽ ഇരിക്കുകയായിരുന്ന മറ്റുള്ളവരോടൊപ്പം നിർബന്ധിച്ച് കൂട്ടി കൊണ്ടുപോയത്. അര മണിക്കൂറിനകം സ്റ്റേഷനിൽ നിന്ന് പോകാൻ അനുവദിച്ചെങ്കിലും പിന്നീട് കഞ്ചാവ് ഉപയോഗിച്ചയാളായി കേസിൽ ഉൾപ്പെടുത്തുകയും മാധ്യമങ്ങൾക്ക് ഫോട്ടോ നൽകി അപമാനിക്കുകയുമാ ണുണ്ടായതെന്നും കുടുംബം പറഞ്ഞു.
പരപ്പനങ്ങാടി പൊലീസിന്റെ മനുഷ്യാവകാശ ലംഘന നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഷാഹുലും സഹോദരൻ പി.പി. അക്ബർ, പിതാവ് സിദ്ധീഖ് എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
