അന്വേഷണത്തിന് വന്ന പൊലീസുകാരനെ ആക്രമിച്ച് ബൈക്ക് മോഷ്ടിച്ചു; യുവാക്കള്‍ പിടിയില്‍
തൃശൂര്‍: ലഹരിമാഫിയ സംഘത്തെ അന്വേഷിച്ചെത്തിയ പോലീസുകാരനെ ആക്രമിച്ച രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പെരുമ്പിലാവ് പാതാക്കര കാര്യാടത്ത് അബ്ദുള്‍ അഹദ് (25), ചാലിശ്ശേരി മുലയംപറമ്പത്ത് ക്ഷേത്രത്തിന് സമീപം തൊഴുക്കാട് ശ്രീരാഗം വീട്ടില്‍ അജയ് (18) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ലഹരിമാഫിയ സംഘം വീടുകയറി അക്രമം നടത്തിയത് അന്വേഷിക്കാനെത്തിയ പൊലീസുകാരനെ വാള്‍ വീശി ആക്രമിക്കാന്‍ ശ്രമിക്കുകയും പോലീസുകാരന്റെ ബൈക്ക് മോഷ്ടിക്കുകയും ചെയതെന്നാണ് കേസ്. അക്രമത്തിന് ശേഷം പ്രതികള്‍ മംഗലാപുരത്ത് ഒളിവില്‍ കഴിയുകയായിരുന്നു.
പൊലീസിനെ കണ്ട ഇവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നു. മല്‍പ്പിടുത്തത്തിലൂടെയാണ് ഇവരെ കീഴടക്കിയത്. സ്റ്റേഷനിലെത്തിച്ച ഇവരെ പോലീസുദ്യോഗസ്ഥന്‍ തിരിച്ചറിഞ്ഞു. അക്രമത്തിനുശേഷം ബൈക്കില്‍ രക്ഷപ്പെടുന്ന ഇവരെ പിന്തുടര്‍ന്നപ്പോള്‍ വാള്‍ ഉയര്‍ത്താക്കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു
എ.സി.പി. ടി.എസ്. സിനോജിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്.എച്ച്.ഒ. വി.സി. സൂരജിന്റെ നേതൃത്വത്തില്‍ രൂപവത്കരിച്ച പോലീസ് സംഘാംഗങ്ങളാണ് ഇവരെ പിടികൂടിയത്. എസ്.ഐ. സക്കീര്‍ അഹമ്മദ്, ജില്ലാ പോലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡിലെ എസ്.ഐ. കെ. രാഗേഷ്, റിജിന്‍ദാസ്, സുജിത്ത്, ശരത്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
