നീറ്റ് പിജി പരീക്ഷകള്‍ക്ക് മാറ്റമില്ല; ഹര്‍ജി തള്ളി സുപ്രീംകോടതി
മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പിജി പരീക്ഷകള്‍ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി തള്ളി. പരീക്ഷകള്‍ മെയ് 21 ന് തന്നെ നടക്കുമെന്ന് കോടതി അറിയിച്ചു. 2021 വര്‍ഷത്തേക്കുള്ള കൗണ്‍സലിങ് തുടരുന്ന സാഹചര്യത്തില്‍ പരീക്ഷ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് മെഡിക്കല്‍ സ്റ്റുഡന്‍സ് അസോസിയേഷനാണ് ഹര്‍ജി നല്‍കിയത്.
കൗണ്‍സിലിങ് വൈകിയതിനാല്‍ പഠിക്കാന്‍ സമയം കിട്ടിയില്ലെന്നും പരീക്ഷ മാറ്റിവയ്ക്കണമെന്നുമായിരുന്നു ആവശ്യം. എന്നാല്‍ ചുരുക്കം ചില വിദ്യാര്‍ഥികള്‍ക്കായി പരീക്ഷ മാറ്റിവയ്ക്കാനാവില്ലെന്ന് സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിച്ചത്. രണ്ട് ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ പരീക്ഷക്കായി തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്. അവരുടെ ഭാവിയും പരിഗണിക്കണമെന്നും കോടതി വ്യക്തമാക്കി.
ദേശീയ പരീക്ഷ എങ്ങനെ തങ്ങള്‍ക്കു മാറ്റിവയ്ക്കാന്‍ കഴിയുമെന്നു ഹര്‍ജി ഫയലില്‍ സ്വീകരിച്ചപ്പോള്‍ കോടതി ചോദിച്ചിരുന്നു. 2021ലെ നീറ്റ് പിജി പരീക്ഷ അഞ്ച് മാസം വൈകിയാണ് ആരംഭിച്ചത്. ഇതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. പരീക്ഷ വൈകിയതിനാല്‍ കൗണ്‍സിലിങ് ഒക്ടോബറിലാണ് ആരംഭിച്ചത്.
