ദിലീപിന്റെ ആവശ്യം അംഗീകരിച്ചു; ഫോണുകള്‍ കോടതിയില്‍ വെച്ച് തുറക്കില്ല, നേരിട്ട് ഫൊറന്‍സിക് ലാബിലേക്ക്…
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ നടന് ദിലീപ് ഗൂഢാലോചന നടത്തിയെന്ന ക്രൈം ബ്രാഞ്ച് കേസുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച ഫോണുകള്‍ കോടതിയില്‍ തുറക്കില്ലെന്നും തിരുവനന്തപുരം ഫൊറന്‍സിക് സയന്‍സ് ലാബിലേക്ക് നേരിട്ട് അയക്കുമെന്നും ആലുവ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്.
ഫോണുകള്‍ കോടതിയില്‍ തുറക്കണമെന്നാണ് പ്രോസിക്യൂഷന് ശക്തമായി ആവശ്യപ്പെട്ടത്. തുറക്കരുതെന്നായിരുന്നു ദിലീപിന്റെ ആവശ്യം. ഹൈക്കോടതിയുമായി ആലോചന നടത്തിയ ശേഷമാണ് വിചാരണാ കോടതിയുടെ ഉത്തരവ്. ഫോണുകള്‍ തുറക്കാനുള്ള പാറ്റേണുകള്‍ ദിലീപിന്റെ അഭിഭാഷന് കൈമാറിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് ദിലീപ്, സഹോദരന്, സഹോദരീ ഭര്‍ത്താവ് എന്നിവരുടെ ഏഴ് ഫോണുകള്‍ വേണമെന്നായിരുന്നു ക്രൈം ബ്രാഞ്ചിന്റെ ആവശ്യം. ആറ് ഫോണുകളാണ് ദിലീപും ബന്ധുക്കളും ഹൈക്കോടതിയില്‍ ഹാജരാക്കിയത്. തുടര്‍ന്ന്, ഹൈക്കോടതിയാണ് നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പുരോഗമിക്കുന്ന ആലുവ കോടതിക്ക് ഫോണുകള്‍ കൈമാറിയത്.
