NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

‘നല്ല ഇടി ഇടിക്കും’; മർദ്ദനത്തെ ന്യായീകരിച്ച്, ആക്ഷന്‍ ഹീറോ ബിജു ചമഞ്ഞ് കേരള പൊലീസ്

സംസ്ഥാനത്തെ പൊലീസിന്റെ വ്യാപകമായ അതിക്രമങ്ങൾക്കെതിരെ ഉയരുന്ന വിമര്‍‌ശനങ്ങളെ ട്രോളി കേരള പൊലീസ്. പൊലീസിന്റെ അതിക്രമങ്ങളെ പരോക്ഷമായി ന്യായീകരിക്കുന്ന ട്രോള്‍ ആണ് കേരള പൊലീസ് ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയിലെ സ്ക്രീൻ ഷോട്ടുകളാണ് തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ പൊലീസ് പങ്കുവെച്ചിരിക്കുന്നത്.

പ്രതികളെ പൊലീസ് സ്റ്റേഷനില്‍ വെച്ച് തല്ലുന്നുണ്ടെന്ന പരാതിയെത്തുടര്‍ന്ന് അന്വേഷണം നടത്താന്‍ വരുന്ന വനിതാ മനുഷ്യാവകാശ പ്രവര്‍ത്തകയെ നിവിന്‍ പോളി അവതരിപ്പിക്കുന്ന എസ്.ഐ ബിജു എന്ന കഥാപാത്രം അപമാനിക്കുന്ന രംഗത്തിന്റെ മീം ആണ് കേരള പൊലീസ് പങ്കുവെച്ചിരിക്കുന്നത്.

ഒരാളെ തല്ലിച്ചതയ്ക്കാന്‍ പൊലീസിന് എന്ത് അധികാരമാണ് ഉള്ളതെന്ന മനുഷ്യാവകാശ പ്രവര്‍ത്തകയുടെ ചോദ്യത്തിന് സ്ത്രീവിരുദ്ധമായ തമാശകള്‍ പറഞ്ഞുകൊണ്ടുള്ള മറുപടിയാണ് നിവിന്‍ പോളിയുടെ കഥാപാത്രം നൽകുന്നത്. ഒപ്പം ക്രിമിനലുകളെ കൈയില്‍ കിട്ടിയാല്‍ നല്ല ഇടി ഇടിക്കുമെന്നും പൊലീസ് കഥാപാത്രം പറയുന്നുണ്ട്. അതേസമയം മർദ്ദനത്തെ അനുകൂലിച്ച് കേരള പൊലീസിന്റെ ഔദ്യോഗിക പേജില്‍ പോസ്റ്റ് ചെയ്ത ട്രോളിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഇപ്പോൾ ഉയരുന്നത്.

കഴിഞ്ഞ ദിവസം മദ്യലഹരിയില്‍ ട്രെയിനില്‍ യാത്രചെയ്ത ഷമീര്‍ എന്നയാളെ എ.എസ്.ഐ. ബൂട്ടിട്ട് ചവിട്ടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ അടക്കം ഉയര്‍ന്നിരുന്നു. എന്നാൽ ഷമീര്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്ന് പരാതിയുണ്ടെന്നായിരുന്നു മർദ്ദനത്തെ ന്യായീകരിച്ചുകൊണ്ടുള്ള പൊലീസിന്റെ മറുപടി. നിലവില്‍ ഷമീര്‍ കോഴിക്കോട് റെയില്‍വേ പൊലീസിന്റെ കസ്റ്റഡിയിലാണ്. സ്ത്രീകളെ ശല്യപ്പെടുത്തി എന്ന കുറ്റത്തിനാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

കേരള പൊലീസിന്റെ പോസ്റ്റ്:

Leave a Reply

Your email address will not be published.