തിരുവനന്തപുരത്ത് ആക്രി ഗോഡൗണില്‍ വന്‍ തീപിടുത്തം


തിരുവനന്തപുരം പിആര്‍എസ് ആശുപത്രിക്ക് സമീപം വന്‍ തീപിടുത്തം. ആശുപത്രിക്കടുത്തുള്ള ആക്രിക്കടയിലെ ഗോഡൗണിലാണ് തീപിടുത്തം ഉണ്ടായത്. ഫയര്‍ ഫോഴ്സ് യൂണിറ്റും പൊലീസും നാട്ടുകാരും ചേര്‍ന്ന് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. സമീപത്തുള്ള വീടുകളിലെ ആളുകളെ ഉടനെ മാറ്റിയതിനാല്‍ ആളപായമില്ല.
പൂന്തറ സ്വദേശി സുല്ഫിയുടെ ഉടമസ്ഥതയിലുള്ള ഗോഡൗണിലാണ് തീപിടുത്തം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഗോഡൗണില്‍ നിന്ന് വലിയ പൊട്ടിത്തെറികള്‍ ഉണ്ടായിരുന്നു. പതിനൊന്നരയോടെ അടുത്തുള്ള ഇലക്ട്രിക്ക് പോസ്റ്റില്‍ നിന്ന് സ്പാര്‍ക്കുണ്ടായി ഗോഡൗണിലേക്ക് വീഴുകയായിരുന്നുവെന്ന് ഉടമ പറഞ്ഞു. പിന്നാലെ ഫയര്‍ ഫോഴ്സ് വന്ന് വെള്ളം പമ്പ് ചെയ്ത് പോയെങ്കിലും വീണ്ടും അതിശക്തമായി തീ മറ്റിടങ്ങളിലേക്ക് പടരുകയായിരുന്നു.
നിലവില്‍ നാല് ഫയര്‍ഫോഴ്സ് യൂണിറ്റാണ് സ്ഥലത്തുള്ളത്. അപകടത്തെ തുടര്‍ന്ന് മന്ത്രി വി ശിവന്‍കുട്ടി സ്ഥലത്തെത്തിയിട്ടുണ്ട്. നിരവധി കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്. തീപിടുത്തം ഉണ്ടായതിനെ തുടര്‍ന്ന് കിള്ളിപ്പാലത്ത് നിന്ന് ബണ്ട് റോഡിലേക്കുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്. ആളുകളെ ഇരുവശത്തേക്കും മാറ്റിയിട്ടുണ്ട്.