യാത്രക്കാർ ശ്രദ്ധിക്കുക; പുതുവത്സരാ ഘോഷം നിയന്ത്രണം വിട്ടാൽ പണികിട്ടും, കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്.


തിരൂരങ്ങാടി: ആഘോഷത്തിമർപ്പിൽ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന വാഹനാപകടങ്ങൾ മുന്നിൽകണ്ട് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം വാഹന പരിശോധന കർശനമാക്കി. പുതുവത്സരാഘോഷത്തിന്റ ഭാഗമായി അമിതാവേഷക്കാർ ചീറിപ്പായാനുള്ള സാധ്യതയുള്ളതിനാൽ 30, 31 തീയതികളിൽ ജില്ലയിലെ ദേശീയ സംസ്ഥാനപാത, പ്രധാന നഗരങ്ങൾ ഗ്രാമീണ റോഡുകൾ എന്നിവ കേന്ദ്രീകരിച്ച് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗവും, തിരൂരങ്ങാടി, മലപ്പുറം, പൊന്നാനി, തിരൂർ, പെരിന്തൽമണ്ണ, നിലമ്പൂർ, കൊണ്ടോട്ടി സബ് ആർടിഒ ഓഫീസിലെ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ രാത്രികാല പരിശോധന നടത്തും.
മദ്യപിച്ചുള്ള ഡ്രൈവിംഗ്, ഡ്രൈവിങിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗം, അമിതവേഗത, മൂന്ന് പേരെ കയറ്റിയുള്ള ഇരുചക്രവാഹന യാത്ര, സിഗ്നൽ ലംഘനം എന്നീ കുറ്റങ്ങൾക്ക് പിഴയ്ക്ക് പുറമെ ലൈസൻസ് റദ്ദ് ചെയ്യും. രൂപ മാറ്റംവരുത്തിയ വാഹനങ്ങൾ, അമിത ശബ്ദം പുറപ്പെടുവിക്കുന്ന രീതിയിൽ സൈലൻസർ മാറ്റിയിട്ടുള്ള വാഹനങ്ങൾ എന്നിവയുടെ രജിസ്ട്രേഷൻ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന് എൻഫോഴ്സ്മെന്റ് ജില്ലാ ആർ.ടി.ഒ കെ.കെ സുരേഷ് കുമാർ പറഞ്ഞു.
മറ്റുള്ളവരുടെ ഡ്രൈവിങ്ങിന് ബാധിക്കുന്ന രീതിയിൽ വിവിധ വർണ്ണ ലൈറ്റുകൾ ഉപയോഗിക്കുന്നവർക്കെതിരെയും, ശബരിമല തീർത്ഥാടന കാലം നിലനിൽക്കുന്നതിനാൽ പുതുവത്സരദിനത്തിൽ ഗതാഗത തടസമുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെയും, കർശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
“സ്വന്തം മക്കൾ അപകടത്തിൽപെടാതിരിക്കാനും മറ്റുള്ളവർക്ക് അപകടങ്ങൾ സംഭവിക്കാതിരിക്കാനും കുട്ടികളുടെ കൈകളിൽ വാഹനം കൊടുത്തുവിടാതിരിക്കാൻ രക്ഷിതാക്കൾ ജാഗ്രത പുലർത്തണം. അല്ലാത്തപക്ഷം പ്രോസിക്യൂഷൻ നടപടികൾ അടക്കമുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും, ഗതാഗത തടസമുണ്ടാക്കുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും ജില്ലാ എൻഫോഴ്സ്മെൻ്റ് വിഭാഗം ആർ.ടി.ഒ കെ.കെ സുരേഷ് കുമാർ അറിയിച്ചു.