NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കാലവര്‍ഷം: ജില്ലയില്‍ 41.42 കോടി രൂപയുടെ കൃഷിനാശം, 2371 ഹെക്ടര്‍ കൃഷിഭൂമി നശിച്ചു

 

പ്രകൃതിക്ഷോഭം മൂലം ജില്ലയുടെ കാര്‍ഷികമേഖലയില്‍ 41.42 കോടി രൂപയുടെ നാശം സംഭവിച്ചതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. 2021 ജനുവരി ഒന്ന് മുതല്‍ 2021 ഒക്‌ടോബര്‍ 21 വരെയുള്ള കൃഷിവകുപ്പിന്റെ കണക്കാണിത്. 2371 ഹെക്ടര്‍ ഭൂമി കൃഷിയാണ് നശിച്ചത്. ജില്ലയിലെ 8,604 കര്‍ഷകര്‍ക്കാണ് കൃഷിനാശം സംഭവിച്ചത്. ജില്ലയില്‍ നെല്ല്, വാഴ എന്നീ വിളകള്‍ക്കാണ് കൂടുതലായി വിളനാശം സംഭവിച്ചത്.
1552 ഹെക്ടര്‍ നെല്‍കൃഷിയും 102 ഹെക്ടര്‍ ഞാറ്റടി(നെല്ല്), കുലച്ച വാഴ 47 ഹെക്ടറും, കുലക്കാത്ത വാഴ 276 ഹെക്ടറും, 94 ഹെക്ടര്‍ പച്ചക്കറിയും (പന്തല്‍) 92 ഹെക്ടര്‍ പച്ചക്കറി (പന്തലില്ലാത്തത്) 159 ഹെക്ടര്‍ മരച്ചീനിയുമാണ് കനത്ത മഴയിലും മറ്റ് പ്രകൃതിക്ഷോഭങ്ങളിലും നശിച്ചിട്ടുള്ളത്. തെങ്ങ്, കവുങ്ങ്, കുരുമുളക്, ജാതി, വെറ്റില, റബര്‍ തുടങ്ങിയ വിളകള്‍ക്കും വിളനാശം സംഭവിച്ചിട്ടുണ്ട്.
ആകെ ബാധിച്ച പ്രദേശത്തിന്റെ 50 ശതമാനം  നെല്‍കൃഷി(മുണ്ടകന്‍)യാണ്. വേങ്ങര, ഇരിമ്പിളിയം, കോട്ടയ്ക്കല്‍, ആലംകോട്, പെരുമ്പടപ്പ്, വാഴക്കാട്, പെരുവളളൂര്‍, തിരൂരങ്ങാടി, അങ്ങാടിപ്പുറം, ഒതുക്കുങ്ങല്‍, മൂന്നിയൂര്‍, വളവന്നൂര്‍, തിരുനാവായ, തലക്കാട്,          മമ്പാട്, ഏ.ആര്‍. നഗര്‍, എടരിക്കോട് തുടങ്ങിയ പഞ്ചായത്തുകളിലായി കൃഷിയിറക്കിയ മുണ്ടകന്‍ നെല്‍കൃഷിയ്ക്കാണ് വ്യാപക നാശനഷ്ടം സംഭവിച്ചിട്ടുള്ളത്.
യഥാക്രമം 250, 190, 148 ഹെക്ടര്‍ എന്ന തരത്തില്‍ വേങ്ങര, ഇരുമ്പിളിയം, കോട്ടയ്ക്കല്‍ എന്നീ പഞ്ചായത്തുകളിലാണ് ഏറ്റവും കൂടുതല്‍ നെല്‍കൃഷിയ്ക്ക് വിളനാശം സംഭവിച്ചത്. മറ്റു പഞ്ചായത്തുകളില്‍ ഓരോന്നിലും ശരാശരി 20 മുതല്‍ 50 ഹെക്ടര്‍ വരെ നെല്‍കൃഷിയ്ക്ക് വിളനാശം രേഖപ്പെടുത്തിയിട്ടുണ്ട്.
ഞാറ്റടി നശിച്ചതിന് പകരം വിത്ത് വിതരണം ചെയ്യുന്നതിനും കൂടാതെ വിശദമായ ഫീല്‍ഡ് പരിശോധനയ്ക്കുമുളള തുടര്‍നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.  ഫീല്‍ഡ് പരിശോധനയും മറ്റു നടപടികളും ഒരു മാസത്തിനകം പൂര്‍ത്തിയാക്കുമെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *