ജനകീയാസൂത്രണ രജതജൂബിലി; ജില്ലയിൽ വിപുലമായി ആഘോഷിക്കും


മലപ്പുറം ∙ ജനകീയാസൂത്രണം ആരംഭിച്ചതിന്റെ രജതജൂബിലി ജില്ലയിൽ വിപുലമായി ആഘോഷിക്കും. ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികൾക്കു 17ന് ഉച്ചയ്ക്ക് 2.30ന് ആരംഭിക്കുന്ന ജില്ലാതല ഉദ്ഘാടനത്തിൽ മന്ത്രി വി.അബ്ദുറഹിമാൻ പങ്കെടുക്കും. 4.30ന് സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി ഓൺലൈനിൽ നിർവഹിക്കും.
1996 ഓഗസ്റ്റ് 17 ന് ആണ് ജനകീയാസൂത്രണം നിലവിൽ വന്നത്. ഇതുവരെ ഓരോ തദ്ദേശസ്ഥാപനവും പിന്നിട്ട ജനകീയാസൂത്രണ വഴികളെക്കുറിച്ച് വിശദമായ റിപ്പോർട്ട് പ്രാദേശികമായി അവതരിപ്പിക്കും. പരിഷ്കരിച്ച വികസന രേഖ നവംബർ 21ന് പ്രസിദ്ധീകരിക്കും. തദ്ദേശസ്ഥാപനങ്ങൾ ‘ജനവനം പച്ചത്തുരുത്ത്’ എന്ന പേരിൽ മിയാവാക്കി വനങ്ങൾ വച്ചുപിടിപ്പിക്കും.
രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സെമിനാറുകൾ, എൽഡർ ക്ലബ്ബുകൾ, ഗ്രാമ, വാർഡ് സഭകൾ എന്നിവ നടത്തും.
ജില്ലയിലെ 94 പഞ്ചായത്തുകളിലും 12 നഗരസഭകളിലും 15 ബ്ലോക്ക് പഞ്ചായത്തുകളിലും ചടങ്ങ് നടത്തുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖ, പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ പ്രസിഡന്റ് അബ്ദുൽ കലാം, ഡിഡിപി സി.ഷാജി ജോസഫ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എൻ.അബ്ദുൽ റഷീദ് എന്നിവർ അറിയിച്ചു.
ആഘോഷങ്ങളുടെ ഭാഗമായി 1996 മുതൽ ഇതുവരെ ജനപ്രതിനിധികളായവരെ ആദരിക്കും. പഞ്ചായത്ത്, നഗരസഭാ തലങ്ങളിൽ നടക്കുന്ന രജതജൂബിലി ആഘോഷങ്ങളിൽ ഓൺലൈനായി ഇവരെയും പങ്കെടുപ്പിക്കും. ഇവരെ ആദരിക്കുന്നതിനായുള്ള രജത ജൂബിലി മെമന്റോയ്ക്കു സംസ്ഥാനതലത്തിൽ തന്നെ ഒരേ മാതൃകയാണുള്ളത്. ജില്ലയിൽ നാലായിരത്തോളം മുൻ ജനപ്രതിനിധികളുണ്ടെന്നാണു കണക്ക്. ഇവരോടൊപ്പം ജനകീയാസൂത്രണ പരിപാടികളിൽ പ്രവർത്തിച്ച പ്രമുഖരെയും ആദരിക്കും.