പുതുക്കിയ കോവിഡ് പ്രോട്ടോകോള്‍ : വ്യാപാരികൾക്ക് പോലീസിന്റെ നിർദ്ദേശം


സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ നല്‍കിയ സാഹചര്യത്തില്‍ വ്യാപാര സ്ഥാപനങ്ങളില്‍ പാലിക്കേണ്ട കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ ബോധ്യപ്പെടുത്തിനാണ് പരപ്പനങ്ങാടി സി ഐ ഹണി കെ ദാസ് വ്യാഴാഴ്ച വ്യാപാരികളുടെ യോഗം വിളിച്ചുചേര്‍ത്തത്. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സി ഐ വ്യാപാരികള്‍ക്ക് നിര്‍ദേശം നല്‍കി. എല്ലാദിവസങ്ങളിലും രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പത് വരെ വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയ സാഹചര്യത്തിലാണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നത് ഉറപ്പാക്കാന്‍ പോലീസ് വ്യാപാരികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയത്. ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കിയെങ്കിലും കോവിഡ് കേസുകള്‍ കൂടാതിരിക്കാനുള്ള കരുതലിന്റെ ഭാഗമായി സര്‍ക്കാര്‍ നിര്‍ദേശപ്രകാരം പോലീസ് വ്യാപാരികളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയായിരുന്നു.
പുതുക്കിയ കോവിഡ് പ്രോട്ടോകോള്‍ വ്യാപാരികള്‍ കര്‍ശനമായി പാലിക്കണമെന്നും നിബന്ധനകള്‍ പൊതുജനങ്ങളെ ബോധ്യപ്പെടുത്താന്‍ കടകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കണമെന്നും പോലീസ് നിര്‍ദേശം നല്‍കി. ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്, രണ്ടാഴ്ച മുമ്പ് വാക്‌സിന്‍ ആദ്യ ഡോസ് എടുത്തതിന്റെ രേഖ, ഒരു മാസം മുമ്പ് കോവിഡ് വന്ന് ഭേദമായതിന്റെ രേഖ എന്നിവയിലേതെങ്കിലും ഒന്നുള്ളവര്‍ക്കേ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് കടകളില്‍ പ്രവേശിക്കാനാകൂ. ജീവനക്കാര്‍ ഒരു ഡോസ് വാക്‌സിനെങ്കിലും നിര്‍ബന്ധമായും എടുക്കണമെന്നാണ് മറ്റൊരു നിബന്ധന. ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വന്നെങ്കിലും ഹോട്ടലുകളില്‍ പാര്‍സല്‍ മാത്രം നല്‍കാനേ അനുവാദമുള്ളൂ.
ഞായറാഴ്ചകളില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ തുടരും.ഞായറാഴ്ച അവശ്യസാധനങ്ങള്‍ മാത്രമേ വില്‍ക്കാന്‍ പറ്റൂ. അസംസ്‌കൃത വസ്തു വില്‍പ്പന സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അനുമതിയില്ല. കട ഉടമകളും തൊഴിലാളികളും നിര്‍ബന്ധമായും വാക്‌സിനേഷന്‍ എടുക്കുകയും വേണം. ഇക്കാര്യങ്ങളെല്ലാമാണ് പോലീസ് വ്യാപാരികളെ അറിയിച്ചത്. എന്നാല്‍ വാക്‌സീന്‍ ലഭ്യമാക്കാന്‍ അടിയന്തര നടപടി വേണമെന്നാണ് വ്യാപാരികളുടെ ആവശ്യം.വ്യാപാരികള്‍ക്കും ജോലിക്കാര്‍ക്കും മാത്രമായി ക്യാമ്പ് നടത്തണമെന്നും മുഴുവനാളുകള്‍ക്കും വാക്‌സീന്‍ നല്‍കണമെന്നും വ്യാപാരി സംഘടന പ്രതിനിധികള്‍ ആവശ്യപ്പെട്ടു.
പരപ്പനങ്ങാടി യൂനിറ്റ് മര്‍ച്ചന്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എവി വിനോദ്, സെക്രട്ടറി രഘുനാഥ്, ചെട്ടിപ്പടി യൂനിറ്റ് ജനറല്‍ സെക്രട്ടറി അനില്‍കുമാര്‍, വള്ളിക്കുന്ന് മണ്ഡലം പ്രസിഡന്റ് ഷിജു, ഉള്ളണം യൂനിറ്റ് പ്രസിഡന്റ് അമാനുള്ള, ചെട്ടിപ്പടി യൂനിറ്റ് സെക്രട്ടറി ടി അബ്്ദുല്‍ ലത്തീഫ്, തുടങ്ങിയവരാണ് സി ഐ ഹണി കെ ദാസ് പരപ്പനങ്ങാടി പോലീസ് സ്റ്റേഷനില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തത്.