ഗുരുവായൂർ ക്ഷേത്രം നാളെ മുതൽ തുറക്കും; ഒരു ദിവസം 300 പേർക്ക് പ്രവേശനം


ആരാധാനാലയങ്ങൾ തുറക്കാൻ സംസ്ഥാന സർക്കാർ അനുമതി നൽകിയതിന് പിന്നാലെ ഗുരുവായൂർ ക്ഷേത്രം നാളെ മുതൽ തുറക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഭക്തരെ പ്രവേശിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം. ഒരു ദിവസം 300 പേർക്കായിരിക്കും പ്രവേശനമുണ്ടായിരിക്കുക.
ഒരേ സമയം15 പേർക്ക് മാത്രമായിരിക്കും ക്ഷേത്രത്തിനുള്ളിൽ പ്രവേശിക്കാനാകുക. വിവാഹങ്ങൾക്കും നാളെ മുതൽ അനുമതിയുണ്ടായിരിക്കും. പ്രവേശനം ഓൺലൈൻ ബുക്കിംഗ് അടിസ്ഥാനമാക്കി വിർച്വൽക്യൂ മുഖാന്തരമായിരിക്കും. നാലമ്പലത്തിനകത്തേക്ക് പ്രവേശനം ഉണ്ടാകില്ലെന്നും അറിയിപ്പിൽ പറയുന്നു.ടെസ്റ്റ് പോസിറ്റിവിറ്റി പതിനാറിൽ കുറഞ്ഞ സ്ഥലങ്ങളിൽ ഉപാധികളോടെ ആരാധനാലയങ്ങൾ തുറക്കാമെന്ന് ചെവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചിരുന്നു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിന് താഴെയുള്ള സ്ഥലങ്ങളിൽ ഉപാധികളോടെ ആരാധനാലയങ്ങൾ തുറക്കാനാണ് സർക്കാർ അനുമതി നൽകിയത്.അതേസമയം ഒരാഴ്ചകൂടി നിയന്ത്രണങ്ങൾ തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റിയുടെ അടിസ്ഥാനത്തിൽ നാല് മേഖലകളായി തിരിച്ചുള്ള നിയന്ത്രണം തുടരും. പൂജ്യം മുതൽ എട്ട് ശതമാനം വരെ എ വിഭാഗം, എട്ട് മുതൽ 16 ശതമാനം വരെ ബി വിഭാഗം, 16 മുതൽ 24 ശതമാനം വരെ സി വിഭാഗം, 24 ശതമാനത്തിന് മുകളിൽ ഡി വിഭാഗം എന്നിങ്ങനെയാണ് മേഖലകളായി തരംതിരിച്ചിട്ടുള്ളത്.