കേരളത്തിലെ എല്ലാ സഹോദരിമാര്‍ക്കും അമ്മമാര്‍ക്കും സുരക്ഷിതമായി വഴിയിലൂടെ നടക്കാനാകണം: രമേശ് ചെന്നിത്തല
കേരളത്തെ ലഹരിമുക്തമാക്കാനുളള ദൗത്യത്തിന്റെ ഭാഗമായുളള ‘തൂഫാന് ജാഗരണ്‍’ ബഹുജനറാലി ആരംഭിച്ചു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് റാലിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറും റാലിയില്‍ പങ്കെടുത്തു.
പെരുമ്പാവൂരിലെ ലഹരിയുടെ ക്യാപിറ്റല്‍ എന്ന കുപ്രസിദ്ധിയില് നിന്ന് മോചിപ്പിക്കുകയാണ് ലക്ഷ്യമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. തൂഫാന് പെരുമ്പാവൂരില്‍ വലിയ മാറ്റമുണ്ടാക്കുമെന്നും അതിഥി തൊഴിലാളികളെ മറയാക്കി ലഹരി മാഫിയ പ്രവര്‍ത്തിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
‘ഇതര സംസ്ഥാന തൊഴിലാളികളെ മറയാക്കി പ്രവര്‍ത്തിക്കുന്ന മലയാളികളുണ്ട്. ലഹരിയുടെ വേരറുക്കാതെ പൊലീസ് പിന്മാറില്ല. പെരുമ്പാവൂരില്‍ കൂടുതല്‍ പൊലീസിനെ വിന്യസിക്കും. ഇവിടെ തന്നെ കനത്ത ശിക്ഷ നല്‍കും. സഹോദരിമാര്‍ക്കും അമ്മമാര്‍ക്കും സുരക്ഷിതമായി വഴിയിലൂടെ നടക്കാനാകണം. ഒരു അമ്മയും മക്കള്‍ ലഹരി ഉപയോഗിക്കുന്നത് കണ്ട് കരയരുത്. ഗുണ്ടകളല്ല, സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് ഫോര്‍ ഓപ്പറേഷന് തൂഫാന് ആരംഭിക്കും’
‘എന്‍ഡിപിഎസ് ആക്ട് ഭേദഗതി കാര്യം ബെന്നി ബെഹനാന് ഉന്നയിക്കും. കേരളത്തിന്റെ തെരുവിലൂടെ അമ്മ പെങ്ങന്മാര്ക്ക് സുഗമമായി നടക്കാന്‍ അവസരമുണ്ടാകും. ഗുണ്ടകളെയും നിലയ്ക്ക് നിര്‍ത്താന്‍ കഴിയുന്ന സര്‍ക്കാരാണ് കേരളത്തിലുളളത്. ഒരു കാരവാനിലും ലഹരി ഉപയോഗം അനുവദിക്കില്ല’: രമേശ് ചെന്നിത്തല വ്യക്തമാക്കി.
