NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗം അടുത്ത 6 മുതല്‍ 8 ആഴ്ചയ്ക്കുള്ളില്‍; മുന്നറിയിപ്പുമായി എയിംസ് മേധാവി

രാജ്യത്ത് കൊവിഡിന്റെ മൂന്നാം തരംഗം അടുത്ത ആറ് മുതല്‍ എട്ട് ആഴ്ചയ്ക്കകം ഉണ്ടാകുമെന്ന് എയിംസ് മേധാവിയുടെ മുന്നറിയിപ്പ്.  വൈറസിന്റെ മൂന്നാം തരംഗം ഒഴിവാക്കാന്‍ പറ്റില്ല.  ഇതിനകം കൂടുതല്‍ ജനങ്ങള്‍ക്ക് വാക്സിന്‍ നല്‍കുക എന്നതാണ് രാജ്യം ഇപ്പോള്‍ നേരിടുന്ന വെല്ലുവിളി എന്നും എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ പറഞ്ഞു. ദേശീയ തലത്തില്‍ കേസുകളുടെ എണ്ണം ഉയരാന്‍ സമയമെടുക്കുമെങ്കിലും ആറ് മുതല്‍ എട്ട് ആഴ്ചകള്‍ക്കുള്ളില്‍ മൂന്നാം തരംഗം ഉണ്ടാകും, ചിലപ്പോള്‍ അത് കുറച്ച് നീണ്ടേക്കാമെന്നും ഡോ. ഗുലേറിയ പറഞ്ഞു.

അണ്‍ലോക്കിങ് ആരംഭിച്ചപ്പോള്‍ മുതല്‍ അതിന് അനുസരിച്ചുള്ള പെരുമാറ്റമല്ല ജനങ്ങളില്‍ നിന്നും ഉണ്ടാകുന്നതെന്നും കൊവിഡിന്റെ ആദ്യ രണ്ടു തരംഗങ്ങളില്‍ നിന്ന് ആളുകള്‍ ഒന്നും പഠിച്ചതായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ എങ്ങനെ പെരുമാറുന്നു, ആള്‍ക്കൂട്ടത്തെ എങ്ങനെ നിയന്ത്രിക്കുന്നു തുടങ്ങിയവ അനുസരിച്ചിരിക്കും കാര്യങ്ങളെന്നും ഗുലേറിയ പറഞ്ഞു.

കൊവിഷീല്‍ഡ് വാക്സിന്റെ ഇടവേള ദീര്‍ഘിപ്പിച്ചത് തെറ്റായ കാര്യമല്ല. കൂടുതല്‍ ആളുകള്‍ക്ക് വാക്സിന്‍ സംരക്ഷണം ഒരുക്കുകയാണ് പ്രധാനം. വൈറസിന്റെ വകഭേദങ്ങളെക്കുറിച്ച് കൂടുതല്‍ ഗവേഷണം നടത്തേണ്ടതുണ്ട്. ഡെല്‍റ്റ പ്ലസ് വകഭേദം ആശങ്കയുണര്‍ത്തുന്നതാണെന്നും ഡോ. ഗുലേറിയ പറഞ്ഞു. ആഴ്ചകള്‍ നീണ്ട അടച്ചിടലിനു ശേഷം രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് എയിംസ് മേധാവിയുടെ മുന്നറിയിപ്പ്.

Leave a Reply

Your email address will not be published.