പരപ്പനങ്ങാടിയിൽ മദ്യത്തർക്കത്തെ തുടർന്ന് ആക്രമണം; മൂന്നുപേർ അറസ്റ്റിൽ
പരപ്പനങ്ങാടി പൂരപ്പുഴയിലെ ‘അമിറ്റീസ് കോർട്ട്‌യാർഡ്’ ബാർ ഹോട്ടലിൽ മദ്യം ലഭിക്കാത്തതിനെത്തുടർന്നുണ്ടായ തർക്കം സംഘർഷത്തിൽ കലാശിക്കുകയും, ബാർ ജീവനക്കാരെ ആക്രമിച്ച സംഭവത്തിൽ മൂന്നുപേരെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു.
നെടുവ തിരിച്ചിലങ്ങാടി സ്വദേശികളായ അബ്ദുൽ ഹമീദ് എന്ന ബാപ്പു, ആസിഫ് (32), ഹർഷാദ് (32) എന്നിവരാണ് പിടിയിലായത്. മെയ് 30-ന് പുലർച്ചെ 1.30-ഓടെ ബാർ അടച്ചശേഷം മദ്യം ആവശ്യപ്പെട്ട് ജീവനക്കാരുമായി തർക്കമുണ്ടാവുകയും, തുടർന്ന് ബാർ ജീവനക്കാർ താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചുകയറി പ്രതികൾ അവരെ മർദിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ആക്രമണത്തിൽ പരിക്കേറ്റ നാല് ജീവനക്കാർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം, ബാറിൽവെച്ച് ജീവനക്കാർ തന്നെ മർദിച്ചെന്നാരോപിച്ച് ബാപ്പു നൽകിയ പരാതിയിലും പോലീസ് കേസെടുത്തിട്ടുണ്ട്.
ഇൻസ്പെക്ടർ എസ്.എച്ച്.ഒ സ്റ്റെപ്റ്റോ ജോണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും, സംഭവത്തിൽ ഉൾപ്പെട്ട കൂടുതൽ പേർക്കായി അന്വേഷണം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.
