ദീപക്കിന്റെ ആത്മഹത്യ; പ്രതി ഷിംജിതയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി പോലീസ്
ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന യുവതിയുടെ ആരോപണത്തിന് പിന്നാലെ കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.
പ്രതി നാടുവിടാനുള്ള സാധ്യത കൂടി പരിഗണിച്ചാണ് സിറ്റി കമ്മീഷണറുടെ അനുവാദത്തോടെ പൊലീസിന്റെ നീക്കം. റെയിൽവേ സ്റ്റേഷൻ വിമാനത്താവളം എന്നിവിടങ്ങളിൽ ലുക്ക് ഔട്ട് നോട്ടീസ് സ്ഥാപിക്കും.
സംഭവത്തിന് ശേഷം യുവതിയുടെ വടകരയിലുള്ള വീട്ടിലെത്തി പൊലീസ് മൊഴിയെടുത്തിരുന്നു. എന്നാൽ പിന്നീട് അറസ്റ്റ് ഭയന്നാണ് ഇവർ മൊബൈൽ സ്വിച്ച് ഓഫ് ചെയ്‌ത് വീട്ടിൽ നിന്ന് കടന്നുകളഞ്ഞത്.
ആദ്യഘട്ടത്തിൽ അഭിഭാഷകനെ കണ്ട് മുൻകൂർ ജാമ്യത്തിനായി യുവതി ശ്രമിക്കുന്നുവെന്ന വിവരങ്ങൾ പുറത്തുവന്നിരുന്നു അതിന് ശേഷമാണ് ലുക്ക് ഔട്ട് നോട്ടീസ് എത്രയും വേഗം പൊലീസ് പുറത്തിറക്കുന്നതും.
