NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഹെൽമറ്റില്ലാതെയും സിഗ്നൽ തെറ്റിച്ചും ഇനി നടക്കില്ല; പിഴ അടയ്ക്കാൻ 45 ദിവസം; അഞ്ച് തവണ പിഴയടയ്ക്കാത്ത വാഹനങ്ങൾ കരിമ്പട്ടികയിലേക്ക്; നടപടി കടുപ്പിച്ച് മോട്ടോർ വാഹന വകുപ്പ്..!

ഗതാഗത നിയമലംഘനങ്ങൾക്ക് ചുമത്തുന്ന പിഴ ഒടുക്കാത്തവർക്കെതിരെ കർശന നടപടികളുമായി മോട്ടോർ വാഹന വകുപ്പ് വരുന്നു. പിഴ അടയ്ക്കുന്നതിൽ കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളാണ് ട്രാൻസ്‌പോർട്ട് വകുപ്പ് ആലോചിക്കുന്നത്.

 

നിലവിൽ ചുമത്തപ്പെടുന്ന പിഴകളിൽ ചെറിയൊരു ശതമാനം മാത്രമാണ് സർക്കാരിലേക്ക് എത്തുന്നത് എന്ന റിപ്പോർട്ടുകളെത്തുടർന്നാണ് ഈ നീക്കം. പുതിയ നിർദ്ദേശപ്രകാരം, നിയമലംഘനം നടന്നാൽ മൂന്ന് ദിവസത്തിനുള്ളിൽ ഓൺലൈനായോ 15 ദിവസത്തിനുള്ളിൽ നേരിട്ടോ ചലാൻ കൈപ്പറ്റണം.

തുടർന്ന് 45 ദിവസത്തിനുള്ളിൽ പിഴ അടയ്ക്കുകയോ അല്ലെങ്കിൽ താൻ കുറ്റക്കാരനല്ല എന്ന് തെളിവ് സഹിതം ബോധിപ്പിക്കുകയോ വേണം. ഇതിന് തയ്യാറാകാത്ത പക്ഷം ഡ്രൈവിംഗ് ലൈസൻസും വാഹനത്തിന്റെ രജിസ്ട്രേഷനും സസ്‌പെൻഡ് ചെയ്യുന്നതടക്കമുള്ള ശിക്ഷാനടപടികൾ നേരിടേണ്ടി വരും.

അഞ്ച് തവണയിൽ കൂടുതൽ പിഴ ലഭിച്ചിട്ടും അടയ്ക്കാത്ത വാഹനങ്ങളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്താനാണ് തീരുമാനം. ഇതോടെ ഇത്തരം വാഹനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പിന്റെ യാതൊരുവിധ സേവനങ്ങളും ലഭിക്കില്ല.

കൂടാതെ, ചുവപ്പ് സിഗ്നൽ ലംഘനം, അപകടകരമായ ഡ്രൈവിംഗ് എന്നിവ മൂന്ന് തവണയിൽ കൂടുതൽ ആവർത്തിച്ചാൽ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്‌പെൻഡ് ചെയ്യാനും സർക്കാരിന് അധികാരമുണ്ടാകും. നിയമലംഘകരുടെ വിവരങ്ങൾ ‘വാഹന-സാരഥി’ പോർട്ടലുകളിലേക്ക് കൈമാറുന്നതോടെ മറ്റ് സംസ്ഥാനങ്ങളിലും ഇവരുടെ വിവരങ്ങൾ ലഭ്യമാകും.

Leave a Reply

Your email address will not be published. Required fields are marked *