NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

എസ്.ഐ.ആർ; കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവർക്ക് പേര് ചേർക്കാം; വില്ലേജ് ഓഫീസുകളിൽ ഹെൽപ് ഡെസ്‌കുകൾ വരുന്നു..!

വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണവുമായി ബന്ധപ്പെട്ട് അർഹരായ മുഴുവൻ ആളുകളെയും പട്ടികയിൽ ഉൾപ്പെടുത്തുന്നതിനായി വില്ലേജ് തലത്തിൽ ഹെൽപ് ഡെസ്‌കുകൾ രൂപീകരിക്കാൻ മലപ്പുറം ജില്ലാ കളക്‌ടർ നിർദേശിച്ചു.

ഡിസംബർ 23-ന് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ പേര് വരാത്തവർക്കും പുതിയതായി പേര് ചേർക്കാൻ ആഗ്രഹിക്കുന്നവർക്കും ആവശ്യമായ സഹായങ്ങൾ ഈ ഡെസ്‌കുകൾ വഴി ലഭ്യമാകും.

പൊതുജനങ്ങളുടെ സംശയങ്ങൾക്ക് വ്യക്തമായ മറുപടി നൽകുന്നതിനും അപേക്ഷകൾ സമർപ്പിക്കുന്നതിനും വില്ലേജ് ഓഫീസുകൾ കേന്ദ്രീകരിച്ചുള്ള ഈ സംവിധാനം വലിയ സഹായമാകും. വില്ലേജ് ഓഫീസുകളിൽ സ്ഥലസൗകര്യം കുറവാണെങ്കിൽ സമീപത്തെ സ്കൂളുകളിലോ മറ്റ് പൊതു കെട്ടിടങ്ങളിലോ സൗകര്യമൊരുക്കാൻ വില്ലേജ് ഓഫീസർമാർക്ക് നിർദേശം നൽകി.

ആക്ഷേപങ്ങളും അപേക്ഷകളും സ്വീകരിച്ച ശേഷം 2026 ഫെബ്രുവരി 22-ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും.

മലയോര മേഖലകൾ, തീരദേശങ്ങൾ, പിന്നോക്ക പ്രദേശങ്ങൾ എന്നിവിടങ്ങളിൽ അർഹരായവരെ കണ്ടെത്താൻ അങ്കണവാടി വർക്കർമാർ, ആശ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവരുടെ സേവനം പ്രയോജനപ്പെടുത്തും.

18 വയസ്സ് പൂർത്തിയായവർ പട്ടികയിൽ ഉൾപ്പെട്ടുവെന്ന് ഉറപ്പുവരുത്താൻ എൻ.എസ്.എസ്, എൻ.സി.സി, ഇലക്ടറൽ ലിറ്ററസി ക്ലബ് എന്നിവയുടെ സഹായത്തോടെ വിപുലമായ ബോധവത്കരണ ക്യാമ്പയിനുകളും ജില്ലയിൽ സംഘടിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *