NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പെണ്‍ സുഹൃത്തിന്‍റെ സഹായത്തോടെ ഗര്‍ഭിണിയെ കൊന്ന് ആറ്റില്‍ തള്ളി; നിലമ്പൂർ സ്വദേശിയായ ഒന്നാം പ്രതിയ്ക്ക് വധശിക്ഷ; പെൺസുഹൃത്ത് മയക്കുമരുന്ന് കേസിൽ ഒഡീഷയിൽ ജയിലിൽ..!

കൈനകരിയില്‍ ഗര്‍ഭിണിയായ യുവതിയെ കൊന്ന് ആറ്റിൽ തള്ളിയ കേസിലെ ഒന്നാം പ്രതിയ്ക്ക് വധശിക്ഷ. നിലമ്പൂര്‍ മുതുകോട് പൂക്കോടന്‍ വീട്ടില്‍ പ്രബീഷി (37) നാണ് ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചത്.

പുന്നപ്ര തെക്കേമഠം വീട്ടില്‍ അനിതാ ശശിധരനെയാണ് (32) ഇവരുമായി അടുപ്പമുണ്ടായിരുന്ന പ്രബീഷും പെണ്‍ സുഹൃത്തും ചേര്‍ന്നു കൊലപ്പെടുത്തിയത്. പ്രബീഷിന്റെ പെൺസുഹൃത്ത് കൈനകരി പഞ്ചായത്ത് 10-ാം വാര്‍ഡില്‍ തോട്ടുവാത്തല പടിഞ്ഞാറു പതിശ്ശേരി വീട്ടില്‍ രജനി (38) യാണ് രണ്ടാം പ്രതി.

വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ അനിതയെ പ്രബീഷും രജനിയും ചേര്‍ന്നാണ് കൊലപ്പെടുത്തിയത്. പള്ളാത്തുരുത്തിക്ക് സമീപം ആറ്റില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവമാണ് അന്വേഷണത്തില്‍ അരും കൊലയെന്ന് തെളിഞ്ഞത്.

2021 ജൂലായ് ഒന്‍പതിനാണ് സംഭവം. വിവാഹിതനായ പ്രബീഷ് ഒരേ സമയം വിവാഹിതരായ അനിതയും രജനിയുമായി അടുപ്പത്തിലായിരുന്നു. അനിത ഗര്‍ഭിണിയായതിന് പിന്നാലെ ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പാലക്കാട് ആലത്തൂരിലെ ഒരു ഫാമില്‍ ജോലി ചെയ്യുകയായിരുന്ന അനിതയെ ജൂലായ് ഒന്‍പതാം തീയതി ആലപ്പുഴയിലേക്ക് വിളിച്ചു വരുത്തി.

കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വന്നിറങ്ങിയ അനിതയെ ഓട്ടോയില്‍ രജനിയുടെ കൈനകരിയിലെ വീട്ടിലെത്തിച്ചു. ശേഷം അനിതയെ പ്രബീഷ് കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി. നിലവിളി പുറത്തേക്ക് കേള്‍ക്കാതിരിക്കാന്‍ രജനി വായും മൂക്കും അമര്‍ത്തിപ്പിടിച്ചു.

ബോധരഹിതയായ അനിത കൊല്ലപ്പെട്ടു എന്നു കരുതി ഇരുവരും ചേര്‍ന്നു പൂക്കൈത ആറ്റില്‍ ഉപേക്ഷിച്ചു എന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കേസ് വേഗത്തില്‍ അന്വേഷിച്ച് തൊണ്ണൂറ് ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

വിചാരണ വേളയില്‍ 82 സാക്ഷികളെ വിസ്തരിച്ചു. രജനിയുടെ അമ്മയും പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി. പ്രതികള്‍ കുറ്റക്കാരാണെന്ന് ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി മൂന്ന് കണ്ടെത്തി.

രജനിയുടെ വിധി പറയാനായി മാറ്റിവെച്ചിരിക്കുകയാണ്. മയക്കുമരുന്നു കേസില്‍ ഒഡിഷയില്‍ ജയിലുള്ള രജനിയെ നേരിട്ട് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *